പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി തടഞ്ഞുനിർത്തി 96 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യപ്രതി പിടിയിൽ
Sat, 18 Mar 2023

ഒല്ലൂർ: കോയമ്പത്തൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി തടഞ്ഞുനിർത്തി 96 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഷൂമാക്കർ എന്ന് വിളിക്കുന്ന വിഷ്ണുരാജിനെയാണ് (36) അറസ്റ്റ് ചെയ്തത്. രണ്ടുവർഷമായി ഒളിവിൽ പോയിരുന്ന യുവാവിനെ തൃശൂർ സിറ്റി ഷാഡോ പോലീസും ഒല്ലൂർ പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. 2021 മാർച്ച് 22നാണ് കേസിനാസ്പദമായ സംഭവം നടന്നത് . മൂവാറ്റുപുഴയിലെ പച്ചക്കറി വ്യാപാരസ്ഥാപനത്തിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന ലോറി കുട്ടനെല്ലൂരിൽ ‘ഇലക്ഷൻ അർജന്റ്’ എന്ന ബോർഡ് വെച്ച ഇന്നോവ കാറിൽ എത്തിയ സംഘം തടഞ്ഞുനിർത്തുകയായിരുന്നു.
ലോറി ഡ്രൈവറേയും സഹായിയേയും ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം കിട്ടിയെന്ന് പറഞ്ഞ്, ചോദ്യം ചെയ്യാനെന്ന വ്യാജേന ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയി. കുറച്ചുദൂരം പോയ ശേഷം തിരികെ ലോറിയുടെ അടുത്ത് ഇറക്കി വിടുകയായിരുന്നു. തുടർന്ന് ഡ്രൈവറും സഹായിയും ലോറി പരിശോധിച്ചപ്പോഴാണ് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അറിയാൻ കഴിഞ്ഞത്. പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നേരത്തെ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിഷ്ണുരാജ് കവർച്ച സംഘത്തിന്റെ ഡ്രൈവറാണ്.