ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയും മകളും മരിച്ചു; ഗാർഹികപീഡനത്തെ തുടർന്ന് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ

 ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയും മകളും മരിച്ചു; ഗാർഹികപീഡനത്തെ തുടർന്ന് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ 
 പത്തനംതിട്ട:  ഇടയാറന്‍മുളയിലെ ഭര്‍തൃവീട്ടില്‍ വച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയും മകളും മരിച്ചു. തിരുവനന്തപുരം സ്വദേശി ശ്യാമയും മകള്‍ ആദിശ്രീയും ആണ് മരിച്ചത്. ഗാർഹിക പീഡനത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പരാതി. ഭര്‍ത്താവും ഭര്‍തൃമാതാവും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 
തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ശ്യാമയും പത്തനംതിട്ട ഇടയാറന്‍മുള കോഴിപ്പാലം സ്വദേശി വനീതും തമ്മില്‍ ആറ് വര്‍ഷം മുന്പാണ് വിവാഹിതരായത്. ഇരുവര്‍ക്കും സംസാരശേഷിയും കേള്‍വിശക്തിയുമില്ല. ദമ്പതികൾക്ക് ഒരു മകളാണ്. ഇക്കഴിഞ്ഞ ആറാം തീയതി പുലര്‍ച്ചെ ശ്യാമയേയും മകള്‍ ആദിശ്രീയേയും കിടപ്പുമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ഇരുവരും ഇന്നലെയും കഴിഞ്ഞ ദിവസവുമായി മരിച്ചു. തീകൊളുത്തിയ രാത്രിയും ശ്യാമയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു. അതിനാല്‍ ഇരുവരും രണ്ട് മുറിയിലായാണ് കിടന്നത്. വീട്ടില്‍ നിന്ന് തീകണ്ട് അയല്‍ക്കാര്‍ വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നും വിനീതും വീട്ടുകാരും പറയുന്നു. സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരിലും ശ്യാമയുടെ വീട്ടില്‍ നിന്ന് വീണ്ടും വീണ്ടും പണം കിട്ടണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പീഡനം. വിനീതിന്റെ അമ്മയും ഇതിന് കൂട്ടുനിന്നതായും ശ്യാമയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

Share this story