

തിരുവനന്തപുരം: പലിശ സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു. കല്ലമ്പലം സ്വദേശിയായ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി ഒന്നിന് വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം.(Threat from blade mafia, woman attempts suicide after marriage breaks down)
പെൺകുട്ടിയുടെ അമ്മ പലിശയ്ക്ക് വാങ്ങിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ബ്ലേഡ് മാഫിയ സംഘം രംഗത്തെത്തിയത്. കൊല്ലം സ്വദേശിയായ വരന്റെ വീട്ടിലെത്തിയ സംഘം കുടുംബത്തെ ക്രൂരമായി ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നായിരുന്നു ഗുണ്ടാസംഘത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ഭയന്ന വരനും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
വിവാഹം മുടങ്ങിയതോടെ മാനസികമായി തകർന്ന പെൺകുട്ടി വീടിനുള്ളിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കല്ലമ്പലം സ്വദേശി സുനിൽ ഉൾപ്പെടെ എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.