

തിരുവനന്തപുരം: ദിലീപ് ചിത്രം 'ഭഭബ' (Bha Bha Ba) തിയറ്ററുകളിൽ വൻ വിജയമാകുമെന്ന പ്രതീക്ഷയിൽ വഴിപാടുമായി നർത്തകി കലാമണ്ഡലം സത്യഭാമ. ചിത്രം നൂറു ദിവസം തിയറ്ററുകളിൽ പൂർത്തിയാക്കിയാൽ തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ 1001 തേങ്ങ ഉടയ്ക്കുമെന്നാണ് സത്യഭാമയുടെ നേർച്ച. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സത്യഭാമ സന്തോഷം പ്രകടിപ്പിച്ചു.
"പ്രാർത്ഥനകൾ ഫലം കണ്ടു. ദിലീപിന്റെയും സുഹൃത്തുക്കളുടെയും സിനിമ മലയാളികൾ ഏറ്റെടുത്തിരിക്കുന്നു. നൂറു ശതമാനം എന്റർടെയ്ൻമെന്റ് ആണെന്നാണ് കേൾക്കുന്നത്. ചിത്രം 100 ദിവസം ഓടുമെന്ന് എന്റെ മനസ്സ് പറയുന്നു. അങ്ങനെ സംഭവിച്ചാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാൻ നേർന്നിട്ടുണ്ട്." - സത്യഭാമ കുറിച്ചു.
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെയും വിമർശകരെയും കുത്തിക്കൊണ്ടായിരുന്നു സത്യഭാമയുടെ വാക്കുകൾ. 'അവൾക്കൊപ്പം' നിൽക്കുന്ന 10 ശതമാനം ആളുകളെ, 'അവനൊപ്പം' നിൽക്കുന്ന 90 ശതമാനം മനുഷ്യർ കണ്ടം വഴി ഓടിച്ച കാഴ്ചയാണ് തിയറ്ററുകളിൽ കാണുന്നതെന്നും അവർ പരിഹസിച്ചു.
നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെ ലക്ഷ്യം വെച്ചും സത്യഭാമ പോസ്റ്റ് പങ്കുവെച്ചു. സിനിമയുടെ തിയറ്റർ പ്രതികരണങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശനം. "ഭാഗ്യലക്ഷ്മി ഇനി പുറത്തിറങ്ങുമ്പോൾ തലയിൽ ഒരു മുണ്ട് ഇടാൻ മറക്കണ്ട. ഇല്ലെങ്കിൽ ഇന്നത്തെ കുട്ടികൾ യഥാർത്ഥ ഡബ്ബിംഗ് പഠിപ്പിക്കും" എന്നായിരുന്നു സത്യഭാമയുടെ കുറിപ്പ്.
ദിലീപ് ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന നെഗറ്റീവ് ക്യാമ്പയിനുകൾക്കുള്ള മറുപടിയാണ് സിനിമയുടെ വിജയമെന്നും സത്യഭാമ അവകാശപ്പെട്ടു.