

കൊച്ചി: മലയാള താരം നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരായ ക്രിമിനൽ നടപടികൾക്കുള്ള ഇടക്കാല സ്റ്റേ കേരള ഹൈക്കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. 1.9 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ചുള്ള കേസിൽ ഡിസംബർ 18-ന് കേസ് പരിഗണിച്ച ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഉത്തരവിട്ടത്.(Kerala High Court Extends Stay On Cheating Case Against Nivin Pauly and Abrid Shine)
നേരത്തെ നവംബർ 24-ന് കോടതി നിർദ്ദേശപ്രകാരം കേസ് മധ്യസ്ഥ ചർച്ചയ്ക്കായി വിട്ടിരുന്നു. എന്നാൽ, ഈ പ്രക്രിയ പരാജയപ്പെട്ടതായി കോടതിയെ അറിയിച്ചു. ഹർജിക്കാർ സഹകരിക്കാത്തതിനാൽ മധ്യസ്ഥത പരാജയപ്പെട്ടുവെന്ന റിപ്പോർട്ട് കണക്കിലെടുത്ത കോടതി, കേസ് ജനുവരി 15-ലേക്ക് മാറ്റി വെച്ചു.
പി.എസ്. ഷംനാസ് ആണ് പരാതിക്കാരൻ. 'മഹാവീര്യർ' എന്ന ചിത്രത്തിന് ശേഷം, 'ആക്ഷൻ ഹീറോ ബിജു 2' എന്ന ചിത്രത്തിൽ പങ്കാളിത്തവും വിദേശ വിതരണാവകാശ ലാഭവും വാഗ്ദാനം ചെയ്ത് 1.9 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഷംനാസിന്റെ അറിവോ സമ്മതമോ കൂടാതെ ചിത്രത്തിന്റെ വിദേശ വിതരണാവകാശം ദുബായ് ആസ്ഥാനമായുള്ള കമ്പനിക്ക് 5 കോടി രൂപയ്ക്ക് മറിച്ചുവിറ്റുവെന്നും ഇതുവഴി തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ഷംനാസ് ആരോപിക്കുന്നു.
തർക്കം സിവിൽ സ്വഭാവമുള്ളതാണെന്നും ഇതിൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നുമാണ് നിവിൻ പോളിയുടെയും എബ്രിഡ് ഷൈന്റെയും വാദം. നേരത്തെ ഓഗസ്റ്റ് 12-ന് പുറപ്പെടുവിച്ച ഇടക്കാല സ്റ്റേയാണ് ഇപ്പോൾ കോടതി നീട്ടിനൽകിയിരിക്കുന്നത്. അതേസമയം, നിവിൻ പോളിയുടെ വ്യാജ ഒപ്പിട്ട് സിനിമയുടെ പേര് സ്വന്തമാക്കിയെന്ന് ആരോപിച്ച് ഷംനാസിനെതിരെ മറ്റൊരു കേസും നിലവിലുണ്ട്.