കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിനായി ഇ.ഡിക്ക് കേസെടുക്കാമെന്ന് കൊല്ലം വിജിലൻസ് കോടതി. കേസിന്റെ എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ട് എന്നിവയുൾപ്പെടെയുള്ള മുഴുവൻ രേഖകളും ഇ.ഡിക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് ഇ.ഡി സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.(Sabarimala gold theft case, Court orders permission for ED investigation)
കേസ് രേഖകൾ ഇ.ഡിക്ക് കൈമാറുന്നതിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം ശക്തമായി എതിർത്തിരുന്നു. കേസിൽ സമാന്തര അന്വേഷണം നടത്തുന്നത് നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു എസ്.ഐ.ടിയുടെ വാദം. എന്നാൽ, സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കാനുള്ള ഇ.ഡിയുടെ നിയമപരമായ അധികാരം കണക്കിലെടുത്ത് കോടതി ഈ എതിർപ്പ് തള്ളി.
കേസിൽ കോടിക്കണക്കിന് രൂപയുടെ സ്വർണം കവർന്നതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം. ഈ പണം എവിടേക്ക് പോയി, ഇതിന് പിന്നിൽ ഹവാല ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും ഇ.ഡി പ്രധാനമായും പരിശോധിക്കുക.