Times Kerala

 തോക്കുകളുമായി സെല്‍ഫി, ഒപ്പം വിജ്ഞാനവും

 
 തോക്കുകളുമായി സെല്‍ഫി, ഒപ്പം വിജ്ഞാനവും
 

പത്തനംതിട്ട: നിങ്ങള്‍ക്ക് പഴയതും പുതിയതുമായ തോക്കുകള്‍ നേരില്‍ കാണണ്ടേ. അവ കയ്യില്‍ എടുത്ത് ഒരു സെല്‍ഫി എടുക്കണമെന്നുണ്ടോ… എങ്കില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ പോലീസ് സ്റ്റാളിലേക്കു പോന്നോളൂ… ആയുധങ്ങള്‍ മാത്രമല്ല, ഫോറന്‍സിക്, ബോംബ് സ്‌ക്വോഡ് പ്രവര്‍ത്തനങ്ങളും കണ്ടു മനസിലാക്കാമിവിടെ. പോലീസ് സേന ഒട്ടും മോശക്കാരല്ല മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവുമധികം സുരക്ഷ സംവിധാനങ്ങളുടെ വിപുലമായ ശേഖരമാണ് പോലീസ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. കാണാന്‍ നിരവധി പേരാണ് എത്തുന്നത് കാരണം പലപ്പോഴും ദൂരെ നിന്ന് മാത്രം കാണുന്ന റൈഫിളും ക്രിസ്റ്റലുകളും ഒക കൈയ്യിലെടുത്ത് പിടിക്കാനും ഒപ്പം ഫോട്ടോ എടുക്കാന്‍ കിട്ടുന്ന അസുലഭ നിമിഷമാണ് ലഭ്യമാകുന്നത്. സേനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്നും മനസിലാക്കാന്‍ സാധിക്കും.

പേടിയോടെ പണ്ട് നോക്കി കണ്ട വിഭാഗമായിരുന്ന ഇവര്‍ ഇന്ന് ജനമൈത്രി പുലര്‍ത്തുന്നതിനൊപ്പം സൗഹാര്‍ദ്ദ സേവനമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് ആദ്യ സ്റ്റാളില്‍ നിന്ന് തന്നെ വ്യക്തമാകുന്നു.വിവിധ തരത്തിലുള്ള റൈഫിളുകള്‍, പിസ്റ്റലുകള്‍, റിവോള്‍വറുകള്‍ എന്നിവ ഇവിടെ പരിചയപ്പെടുത്തുന്നു. ഇതില്‍ എകെ47 മുതല്‍ റിവോള്‍വര്‍ വരെയുണ്ട്. ആദ്യകാലത്ത് ഉപയോഗിച്ചുവന്ന റൈഫിള്‍ നമ്പര്‍ വണ്‍ മാര്‍ക്ക് വണ്‍, റൈഫിള്‍ നമ്പര്‍വണ്‍, എല്‍എംജി, വിവിധയിനം സ്റ്റണ്‍ഗണ്ണുകള്‍… അങ്ങനെ നിരവധി തോക്കുകള്‍ പ്രദര്‍ശനത്തിനുണ്ട്.വിലപിടിപ്പുള്ളതും അത്യാധൂനികവുമായ ജില്ലാ ബോംബ് സ്‌ക്വാഡിന്റെ സ്റ്റാളും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റിനെ കൂടാതെ ഒരു എസ്‌ഐ ഒരു എഎസ്‌ഐ എന്നിവര്‍ക്കൊപ്പം 15 പേരുടെ ഒരു ടീം ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ശബരിമലയിലേക്കുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ഡിഎച്ച്ക്യൂസിയില്‍ നിന്നാണ്.

ഇവിടെ പ്രദര്‍ശനത്തിനായി ബാഗേജ് സ്‌കാനര്‍, എക്‌സ് റേ മെഷീന്‍, എക്‌സ്‌പ്ലോസീവ് (സ്ഫോടന) ഡിറ്റക്ടര്‍, മൈനര്‍ ഡിറ്റക്ടര്‍, എന്‍എല്‍ജെഡി , വിവിധതരം മെറ്റല്‍ ഡിറ്റക്ടറുകള്‍, ബോംബ് സ്യൂട്ട് എല്ലാം ഇവിടെ നമുക്ക് നേരിട്ട് കാണാന്‍ സാധിക്കും. കൂടാതെ 300 യാര്‍ഡ് വരെ പ്രകാശം പരത്തുന്ന കമാന്‍ഡോ ടോര്‍ച്ചും കാണാം.
ആരെയും അമ്പരിപ്പിക്കുന്ന ബോംബ് സ്യുട്ടാണ് സ്റ്റാളിലെ മുഖ്യ ആകര്‍ഷണം. 50 കിലോയോളമാണ് ഇതിന്റെ ഭാരം. ആശയവിനിമയ സംവിധാന സൗകര്യവും ശീതീകരണ സൗകര്യവും ഈ സ്യൂട്ടിലുണ്ട്. കേരളത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ടയിലാണ്. വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്ന വെഹിക്കിള്‍ മൗണ്ട് എക്‌സ്-റേ ബാഗേജ് സ്‌കാനര്‍ എന്ന അത്യാധുനിക സുരക്ഷാ ഉപകരണവും ജില്ലയ്ക്ക് സ്വന്തമായുണ്ട്. വാഹനത്തില്‍ ക്രമീകരിക്കുന്ന ഇതിന്റെ വില 20 ലക്ഷം രൂപ. വിശിഷ്ട അതിഥികള്‍ വരുമ്പോള്‍ സുരക്ഷയ്ക്ക് ഉപയോഗിക്കുന്നതാണ്. അതുകൊണ്ടുതന്നെ വിഐപി എത്തുന്ന സ്ഥലങ്ങളില്‍ വരുന്ന എല്ലാവരുടെയും ബാഗ് പരിശോധിച്ച് സുരക്ഷ വരുത്തുന്നത് ഉപകരണം കൂടിയാണ് എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.

40 ലക്ഷം രൂപ വിലമതിക്കുന്ന എക്‌സ്‌പ്ലോസീവ് ഡിറ്റക്ടറും ജില്ലക്ക് സ്വന്തമായി ഉണ്ട്. ആര്‍ഡിഎക്‌സ് അടക്കമുള്ള സ്ഫോടനത്തിന് വഴിയൊരുക്കുന്ന വസ്തു തിരിച്ചറിയാന്‍ സഹായിക്കുന്നവയാണ് ഇത്. ജില്ലയ്ക്ക് രണ്ട് സ്‌ഫോടന ഡിറ്റക്ടര്‍ ആണ് ഉള്ളത്. വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കാന്‍ സഹായിക്കുന്ന എക്സ്റ്റന്‍ഷന്‍ മിററും ട്രോളി മിററും പ്രദര്‍ശനത്തിനുണ്ട്. ഒരു സൈബര്‍ കുറ്റകൃത്യം ഉണ്ടാവുന്നത് എങ്ങനെയെന്ന് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ജില്ലാ സൈബര്‍ വിഭാഗം. ഫോണിന്റെ ദുരുപയോഗം, അപകടകരമായ ബന്ധങ്ങള്‍, സോഷ്യല്‍ മീഡിയ എന്ന മായാലോകവും അവിടെ നാം ശ്രദ്ധിക്കേണ്ട ചില വസ്തുതകളും ലഘുലേഖയിലൂടെ പറഞ്ഞു തരുന്നു. സൈബര്‍ ഇടങ്ങളില്‍ സുരക്ഷ ഒരുക്കേണ്ടത് എങ്ങനെയാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ എന്തൊക്കെ നിയമ സഹായങ്ങള്‍ ലഭിക്കും എന്നും ഈ സ്റ്റാള്‍ പറയുന്നു. പോലീസിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനവും ഇവിടെനിന്നും മനസിലാക്കാം. കേരളത്തില്‍ അഞ്ച് ഇടങ്ങളില്‍ നിന്നാണ് പ്രവര്‍ത്തനം. കേരളത്തിലെ അഞ്ച് ജില്ലകളില്‍ ഇവിടെ നിന്നുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ജാക്ക് ഒന്ന് പൊന്മുടി, ജാക്ക് രണ്ട് രാജമല, ജാക്ക് മൂന്ന് പാലക്കാട് നെല്ലിയാമ്പതി, ജാക്ക് നാല് വയനാട്, ജാക്ക് അഞ്ച് കാസര്‍ഗോഡുമാണുള്ളത്.

Related Topics

Share this story