മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് മികച്ച വിജയം നേടിയെങ്കിലും പൊൻമുണ്ടം പഞ്ചായത്തിലുണ്ടായ തോൽവി മുസ്ലീം ലീഗിന് കനത്ത തിരിച്ചടിയായി. സി.പി.എമ്മുമായി ചേർന്ന് കോൺഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചതിൽ മുസ്ലീം ലീഗ് കടുത്ത പ്രതിഷേധത്തിലാണ്. കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നും ഇത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി.(Muslim League angry over Congress joining hands with CPM to take power in Ponmundam)
മലപ്പുറത്ത് കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ നേർക്കുനേർ മത്സരിച്ചത് ഇത്തവണ പൊൻമുണ്ടം പഞ്ചായത്തിൽ മാത്രമാണ്. ലീഗിന്റെ ശക്തികേന്ദ്രത്തിൽ ഇത്തവണ തകർന്നടിഞ്ഞ ലീഗിന് 18 സീറ്റുകളിൽ വെറും നാലു സീറ്റുകൾ മാത്രമാണ് ജയിക്കാനായത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് 12 സീറ്റുകൾ നേടി പഞ്ചായത്ത് ഭരിച്ചിരുന്നത് മുസ്ലീം ലീഗായിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ലീഗ് ഭരണസമിതിക്കെതിരെ കോൺഗ്രസ് പദയാത്ര നടത്തിയിരുന്നു. ഇത് കോൺഗ്രസ് നേതൃത്വം ഇടപെട്ട് തടഞ്ഞില്ലെന്ന് ലീഗിന് പരാതിയുണ്ടായിരുന്നു. പിന്നാലെ സി.പി.എമ്മുമായി സഖ്യമുണ്ടാക്കി 'ജനകീയ മുന്നണി' എന്ന പേരിൽ കോൺഗ്രസ് ലീഗിനെതിരെ മത്സരിച്ചു. മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും, കോൺഗ്രസ് നേതൃത്വത്തിൻ്റെ പരോക്ഷ സഹായം പൊൻമുണ്ടത്തെ കോൺഗ്രസ് നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുണ്ടെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. ഇതിലാണ് ലീഗ് നേതൃത്വം ക്ഷുഭിതരായത്.
എന്നാൽ, മുന്നണി വിരുദ്ധ സഖ്യത്തിൻ്റെ പേരിൽ കടുത്ത അച്ചടക്ക നടപടിയെടുത്തിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിശദീകരണം. പൊൻമുണ്ടം മണ്ഡലം കമ്മിറ്റി തന്നെ പിരിച്ചുവിട്ടു. വിജയിച്ചെങ്കിലും അച്ചടക്ക നടപടിയെടുത്തവരുമായി ഒരു തരത്തിലും സഹകരിക്കുന്ന പ്രശ്നമില്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.