ശബരിമല: സ്വാമി അയ്യപ്പൻ റോഡിൽ ട്രാക്ടർ അപകടം ഉണ്ടായതിൻ്റെ പശ്ചാത്തലത്തിൽ കർശന നടപടികളുമായി പോലീസ്. അശ്രദ്ധമായും അമിതവേഗതയിലും ട്രാക്ടർ ഓടിക്കുന്നവരെ പിടികൂടാനായി പോലീസ് നിരീക്ഷണം ആരംഭിച്ചു. നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി. ബാലകൃഷ്ണൻ അറിയിച്ചു.(Sabarimala tractor accident, Police register case, intensify proceedings)
സമയക്രമം പാലിക്കാതെ റോഡിലൂടെ വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാക്ടർ ഡ്രൈവർമാർക്കായി പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 3 മണിക്ക് പമ്പയിലെ ട്രാക്ടർ ഡ്രൈവർമാർക്കും നാളെ (തിങ്കളാഴ്ച) സന്നിധാനത്തും ക്ലാസുകൾ നടക്കും.
അപകടത്തിൽപ്പെട്ട ട്രാക്ടർ ഡ്രൈവർ, പാലക്കാട് ഇളവഞ്ചേരി സ്വദേശി നാരായണനെതിരെ സന്നിധാനം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ എട്ട് പേർ ചികിത്സയിൽ തുടരുകയാണ്. ഇടുക്കി സ്വദേശിയായ 69-കാരൻ രാധാകൃഷ്ണൻ, തമിഴ്‌നാട് വില്ലുപുരം സ്വദേശികളായ 24 വയസുള്ള വീരമണി, 41-കാരൻ ആനന്ദവേൽ എന്നിവർക്കും, ആന്ധ്രാപ്രദേശ് സ്വദേശികളായ വീരറെഢി, 10 വയസുള്ള ധ്രുവൻ റെഢി, നിധീഷ് റെഢി, 62-കാരി സുനിത, 64 വയസുകാരി ത്വൽസമ്മ എന്നിവർക്കുമാണ് പരിക്കേറ്റത്.