തിരുവനന്തപുരം: പാലോട് വനം റെയ്ഞ്ചിൻ്റെ പരിധിയിൽ വരുന്ന പെരിങ്ങമ്മല ഇയ്യക്കോട് കല്ലണയിലെ ആദിവാസി ഊരിൽ കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു. കല്ലണ തടത്തരികത്തു വീട്ടിൽ പൂമാല കാണിയുടെ കിണറ്റിലാണ് ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കാട്ടുപോത്ത് വീണത്.(Bison dies after falling into an uncovered well)
കിണറ്റിന് മുകളിൽ മറയില്ലാതിരുന്നതിനാൽ നടന്നു വരുന്നതിനിടെ കാട്ടുപോത്ത് ഇതിലേക്ക് വീണതാകാനാണ് സാധ്യതയെന്ന് വീട്ടുടമസ്ഥയായ പൂമാല കാണി പറയുന്നു. ശബ്ദം കേട്ട് വീട്ടുടമസ്ഥ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കിണറ്റിൽ പോത്ത് വീണത് കണ്ടത്. ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നും കാട്ടുപോത്തിനെ കരയിലേക്ക് കയറ്റുന്നത് ദുഷ്കരമായിരുന്നു.
രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും വിതുര അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കാട്ടുപോത്തിനെ കിണറ്റിൽനിന്നും കയറ്റാൻ കഴിഞ്ഞില്ല. തുടർന്ന് ക്രെയിൻ എത്തിച്ചാണ് പോത്തിനെ കരയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും കാട്ടുപോത്ത് ചത്തിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ജഡം മറവ് ചെയ്തു.