പോസ്റ്റ്മോര്‍ട്ടത്തിനു മുന്‍പുള്ള കോവിഡ് പരിശോധന ഒഴിവാക്കി
Updated: Jan 25, 2023, 20:22 IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പോസ്റ്റ്മോര്‍ട്ടത്തിനു മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണപ്പെട്ട കേസില്‍ കോവിഡ് ആണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകുമെന്നും മന്ത്രി അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. മൃതദേഹം കുളിപ്പിക്കുക, വൃത്തിയാക്കുക, വസ്ത്രം ധരിപ്പിക്കുക, മുടി വൃത്തിയാക്കുക, ഷേവ് ചെയ്യുക, നഖങ്ങള്‍ മുറിയ്ക്കുക തുടങ്ങിയവ ചെയ്യുന്നവര്‍ കൈയുറ, ഫേസ് ഷീല്‍ഡ്/ കണ്ണട, മെഡിക്കല്‍ മാസ്ക് എന്നിവ ധരിക്കണം. എന്‍ 95 മാസ്ക് ധരിക്കുന്നത് അഭികാമ്യം. നീളത്തില്‍ കൈയുള്ള വസ്ത്രം ധരിക്കുകയും നടപടി ക്രമങ്ങള്‍ക്ക് ശേഷം ഉടനടി വസ്ത്രം നീക്കം ചെയ്യുകയും സോപ്പുപയോഗിച്ച് കഴുകുകയും ചെയ്യേണ്ടതാണ്. കോവിഡ് വാക്സിനേഷന്റെ മുഴുവന്‍ ഡോസും എടുത്തവര്‍ മൃതദേഹം കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്നും മൃതദേഹം സൂക്ഷിച്ച സ്ഥലങ്ങള്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.