Times Kerala

 ഭക്ഷ്യ മന്ത്രിയുടെ ഫോൺ ഇൻ പരിപാടിക്ക് ഒരു വയസ്; ഇതുവരെ ലഭിച്ചത് മുന്നൂറിലേറെ പരാതികൾ

 
 ഭക്ഷ്യ മന്ത്രിയുടെ ഫോൺ ഇൻ പരിപാടിക്ക് ഒരു വയസ്; ഇതുവരെ ലഭിച്ചത് മുന്നൂറിലേറെ പരാതികൾ
 

ഭക്ഷ്യ സുരക്ഷ, പൊതു വിതരണം എന്നിവയുമായി ബന്ധപ്പെട്ടു സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കാണുന്നതിനു ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ആരംഭിച്ച പ്രതിമാസ ഫോൺ ഇൻ പരിപാടി ഒരു വർഷം പൂർത്തിയാക്കി. മന്ത്രി നേരിട്ടു സംവദിക്കുന്ന പരിപാടിയിലൂടെ ഇതുവരെ 321 പരാതികളാണു ലഭിച്ചത്.
ലഭിച്ച പരാതികളിൽ 193 എണ്ണം മുൻഗണനാ കാർഡുകൾ ലഭിക്കുന്നതു സംബന്ധിച്ചായിരുന്നു.

മാർച്ച് വരെ മുൻഗണനാ കാർഡുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകൾ പരിഗണിച്ച് 47 പേർക്കു റേഷൻ കാർഡ് അനുവദിച്ചു. താലൂക്ക് ഓഫിസുകളിൽ അപേക്ഷ നൽകിയിട്ടില്ലാത്ത 40 പരാതിക്കാരോട് ബന്ധപ്പെട്ട  താലൂക്ക് സപ്ലൈ ഓഫിസുകളിൽ കൃത്യമായ രേഖകൾ സഹിതം അപേക്ഷ നൽകാൻ നിർദേശിച്ചു. കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചു മാത്രമേ മുൻഗണന  കാർഡുകൾ അനുവദിക്കാനാകൂ എന്നതിനാൽ, നിബന്ധനകൾ പാലിക്കാത്ത അപേക്ഷകൾ നിരസിച്ചു.

റേഷൻ വിതരണത്തിലെ അപാകങ്ങൾ, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വീട്, ജോലി തുടങ്ങിയ ആവശ്യങ്ങൾ, റോഡ് വികസനം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾ അറിയിക്കാനും പൊതുജനങ്ങൾ ഫോൺ-ഇൻ പരിപാടിയെ ആശ്രയിക്കുന്നുണ്ട്. എല്ലാ മാസവും ആദ്യ വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ നടക്കുന്ന പരിപാടിയിൽ 894 387 3068 എന്ന നമ്പറിൽ പൊതുജനങ്ങൾക്കു ബന്ധപ്പെടാം. ശരാശരി ഇരുപതിലേറെ പരാതികളാണ് ഓരോ പരിപാടിയിലും ലഭിക്കുന്നത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തവർക്ക് ഓൺലൈൻ വഴിയും അപേക്ഷ നൽകാം. ഇന്നലെ (മെയ് 7)  നടന്ന ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച 27 പരാതികളിൽ 24 എണ്ണവും മുൻഗണനാ കാർഡുകളിലേക്കുള്ള മാറ്റം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു.

ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 2,15,732 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതിൽ പി.എച്ച്.എച്ച് വിഭാഗത്തിൽ 52,542 എണ്ണവും എൻ.പി.എൻ.എസ്. വിഭാഗത്തിൽ 1,57,192 എണ്ണവും എൻ.പി.ഐ വിഭാഗത്തിൽ 5,998 കാർഡുകളുമാണ് അനുവദിച്ചത്. 17,323 കാർഡുകൾ എ.എ.വൈ. വിഭാഗത്തിലേക്കും 1,46,959 കാർഡുകൾ പി.എച്ച്.എച്ച്. വിഭാഗത്തിലേക്കും മാറ്റി അനുവദിച്ചു. റേഷൻ കാർഡുമായി ബന്ധപ്പെട്ടു ലഭിച്ച 25,92,795 അപേക്ഷകളിൽ 25,63,693 എണ്ണവും തീർപ്പാക്കി. 29,102 എണ്ണത്തിൽ മാത്രമാണ് നടപടികൾ പൂർത്തിയാക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.

Related Topics

Share this story