തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണ്ണക്കൊള്ളയിൽ സിപിഎം നേതാക്കൾ സംശയത്തിന്റെ നിഴലിലാണെന്നും തിരഞ്ഞെടുപ്പ് തിരിച്ചടി ഭയന്നാണ് ചോദ്യം ചെയ്യൽ വൈകിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് നീട്ടിക്കൊണ്ടുപോകാൻ സർക്കാർ അന്വേഷണ സംഘത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തി.അന്വേഷണം വൈകിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും കോടതിയുടെ ശക്തമായ ഇടപെടൽ മൂലമാണ് ഇപ്പോൾ ചോദ്യം ചെയ്യൽ നടന്നതെന്നും സതീശൻ പറഞ്ഞു.
ചോദ്യം ചെയ്യൽ വിവരം രഹസ്യമാക്കി വെക്കാൻ അധികൃതർ ശ്രമിച്ചു. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇത് സ്വർണ്ണക്കൊള്ളയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണ സംഘത്തിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.