Times Kerala

 കലയുടെ മാമാങ്കത്തിൽ 8000ത്തിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും

 
 കലയുടെ മാമാങ്കത്തിൽ 8000ത്തിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും
 

കോഴിക്കോട്:  61- മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ 19 വേദികളിലായി 300 ഓളം ഇനങ്ങളിൽ 8000ത്തിലധികം വിദ്യാർത്ഥികൾ മറ്റുരയ്‌ക്കും. കലോത്സവുമായി ബന്ധപ്പെട്ട് വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ കേന്ദ്രീകരിച്ച് സമീപസ്ഥലങ്ങളിലെ സ്കൂളുകളും സാംസ്കാരിക കേന്ദ്രങ്ങളും കലോത്സവത്തിന്റെ വേദികളാവും. അനുബന്ധമായി അറബിക് കലോത്സവം, സംസ്കൃതോത്സവം എന്നിവയും നടക്കും. 26 ന് സെന്റ് ആന്റണീസ് സ്കൂളിലും ബി ഇ എം സ്കൂളിലും രചനാ മത്സരങ്ങൾ നടക്കും. വിജയികൾക്കുള്ള പുരസ്കാരങ്ങളും പ്രശംസാ പത്രങ്ങളും ട്രോഫി കമ്മിറ്റി ഒരുക്കും.

ഹരിത പ്രോട്ടോകോൾ പൂർണമായി പാലിച്ചാവും കലോത്സവം. പ്രോഗ്രാം ഓഫീസ്, മീഡിയ റൂം, അപ്പീൽ കമ്മിറ്റി തുടങ്ങിയ പ്രധാന ഓഫീസുകൾ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തിക്കും. പോലീസ്, സ്റ്റുഡന്റ് പോലീസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ് എന്നിവർ ചേർന്ന് നിയമപരിപാലനം ഒരുക്കും.

മത്സരാർത്ഥികളുടെ ആരോഗ്യ ക്ഷേമ കാര്യങ്ങളുമായി ബന്ധപ്പെട്ട് അലോപ്പതി ആയുർവേദ ഹോമിയോപ്പതി എന്നീ മെഡിക്കൽ സംഘങ്ങളുടെ സേവനം പ്രധാന വേദികളിൽ ഉറപ്പാക്കും. മുഴുവൻ പേർക്കും കുടിവെള്ള സൗകര്യം അതത്‌ വേദികളിൽ ലഭ്യമാക്കും. വിവിധ സന്നദ്ധ സംഘടനകളെ ബന്ധപ്പെടുത്തിക്കൊണ്ട് വിവിധ മെഡിക്കൽ യൂണിറ്റുകൾ, ആംബുലൻസ് സൗകര്യങ്ങൾ, ബി എൽ എസ് (ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസുകൾ) എന്നിവ ഉറപ്പുവരുത്തും.

നവംബർ 26 മുതൽ ഡിസംബർ ഒന്ന് വരെയാണ് കലോത്സവം. പരിപാടിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും സമാപന സമ്മേളനം ഉദ്ഘാടനം കെ മുരളീധരൻ എംപിയും നിർവഹിക്കും.

സംഘടക സമിതി ചെയർപേഴ്സൺ കെ.കെ.രമ എംഎൽഎ, വർക്കിംഗ് ചെയർപേഴ്സൺ കെ പി ബിന്ദു (നഗരസഭ ചെയർപേഴ്സൺ), ജനറൽ കൺവീനർ മനോജ് മണിയൂർ (വിദ്യാഭ്യാസ ഉപഡയറക്ടർ), വാർഡ് കൗൺസിലർ പ്രേമകുമാരി, എം യു എം എച്ച് എസ് എസ് പ്രിൻസിപ്പാൾ കെ.സജീവ് കുമാർ, പ്രോഗ്രം കമ്മിറ്റി കൺവീനർ വി.വി. വിനോദ്, ഫുഡ് കമ്മറ്റി കൺവീനർ ടി.കെ. പ്രവീൺ, മീഡിയ പബ്ലിസിറ്റി കൺവീനർ കെ.പി. അനിൽകുമാർ മറ്റ് സംഘാടകസമിതി അംഗങ്ങൾ വിവിധ സബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Related Topics

Share this story