തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രിയുടെ മിന്നൽ സന്ദര്‍ശനം; രജിസ്റ്ററില്‍ ഒപ്പിട്ടിരുന്ന ഡോക്ടര്‍മാര്‍ പോലും ഡ്യൂട്ടിയില്‍ ഇല്ല, സൂപ്രണ്ടിനെതിരെ നടപടി

 തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രിയുടെ മിന്നൽ സന്ദര്‍ശനം;  രജിസ്റ്ററില്‍ ഒപ്പിട്ടിരുന്ന ഡോക്ടര്‍മാര്‍ പോലും ഡ്യൂട്ടിയില്‍ ഇല്ല, സൂപ്രണ്ടിനെതിരെ നടപടി  
 പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മിന്നല്‍ സന്ദര്‍ശനം നടത്തി. പരിശോധനയിൽ ആശുപത്രിയിലെ പ്രവര്‍ത്തനത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്രണ്ടിനെ സ്ഥലംമാറ്റി. രജിസ്റ്ററില്‍ ഒപ്പിട്ടിരുന്ന ഡോക്ടര്‍മാര്‍ പോലും ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.
മന്ത്രി ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നെങ്കിലും രണ്ട് ഒ പികള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിച്ചത്. മന്ത്രിയെ കണ്ടപ്പോള്‍ നിരവധി രോഗികള്‍ പരാതിയുമായെത്തി. ഫര്‍മസിയില്‍ ആവശ്യത്തിന് മരുന്നുകളില്ല, കൃത്യമായ ചികിത്സ ലഭിക്കുന്നില്ല, ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നില്ല എന്നിങ്ങനെയായിരുന്നു പരാതികള്‍. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മോശമാണെന്നും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ക്ഷുഭിതയായ മന്ത്രി ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവ് ഇറക്കുകയായിരുന്നു.

Share this story