സംസ്ഥാനത്ത് മഴ ശക്തം: പലയിടത്തും ഉരുൾപൊട്ടൽ; വിവിധ ജില്ലകളിൽ റെഡ് അലർട്ട്

കോട്ടയം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കോട്ടയം മൂന്നിലവ് മങ്കൊമ്പിലും കണ്ണൂർ നെടുമ്പൊയിലിലും ഉരുൾപൊട്ടി. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നുതുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്.മഴ തുടരുന്ന പശ്ചാത്തലത്തില്‍ എട്ട് ജില്ലകളിലെ സ്കൂൾ, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലത്തും തിരുവനന്തപുരത്തും തൃശൂരും പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
പേരാവൂരില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
പേരാവൂരിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശിനി നദീറയുടെ മകൾ നുമ തസ്‍ലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എൻ.ഡി.ആർ.എഫ്. സംഘങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ഒഴുക്കിൽ പെട്ട് കാണാതായത്. വെള്ളത്തിന്റെ ഇരമ്പൽ കേട്ട് കുഞ്ഞുമായി വീടിനു പിൻഭാഗത്തേക്ക് വന്ന നദീറയുടെ കുഞ്ഞും ഒഴുക്കിൽ പെടുകയായിരുന്നു. നദീറയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയി. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നെടുംപുറംചാലിൽ ഒഴുക്കിൽപ്പെട്ട രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി.
മഴ ശക്തം: 7 നദികളിൽ പ്രളയസാധ്യത
തിരുവനന്തപുരം: കേന്ദ്ര ജലകമ്മീഷൻ തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യത മുന്നറിയിപ്പ് നൽകി. നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ് മണിമലയാർ. വാമനപുരം , കല്ലട, കരമന അച്ചൻകോവിൽ ,പമ്പ നദികളിൽ മഴ കനത്താൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇപ്പോൾ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇല്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.