

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കൊല്ലം ജില്ലയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവജന പ്രാതിനിധ്യം ഉറപ്പാക്കാൻ സിപിഐഎം നീക്കം ആരംഭിച്ചു. നിലവിലെ എംഎൽഎ എം. മുകേഷിനെ ഇത്തവണ മാറ്റി നിർത്തിയേക്കും. കുണ്ടറ തിരിച്ചുപിടിക്കാൻ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബുവിനെ ഇറക്കാനാണ് പാർട്ടി ആലോചിക്കുന്നത്.(CPM to field youth in Kollam, Mukesh no longer has a seat?)
പി.സി. വിഷ്ണുനാഥിൽ നിന്ന് കുണ്ടറ മണ്ഡലം തിരിച്ചുപിടിക്കാൻ എസ്.ആർ. അരുൺ ബാബുവിനാണ് പ്രഥമ പരിഗണന. എസ്.എൽ. സജി ലാലിന്റെ പേരും പട്ടികയിലുണ്ട്. കൊല്ലത്ത് എം. മുകേഷിന് പകരം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എസ്.ആർ. രാഹുലിനാണ് മുൻഗണന. ഒപ്പം ഡി. ഷൈൻ ദേവിനെയും പരിഗണിക്കുന്നുണ്ട്. മുതിർന്ന നേതാക്കളായ എസ്. ജയമോഹൻ, പി.കെ. ഗോപൻ എന്നിവരും സാധ്യത പട്ടികയിലുണ്ട്.
ആർഎസ്പി (ലെനിനിസ്റ്റ്) നേതാവ് കോവൂർ കുഞ്ഞുമോനിൽ നിന്ന് കുന്നത്തൂർ സീറ്റ് ഏറ്റെടുക്കാൻ സിപിഐഎം തീരുമാനിച്ചതായാണ് സൂചന. അഞ്ച് തവണ വിജയിച്ച കുഞ്ഞുമോന് പകരം പാർട്ടി ചിഹ്നത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കം.
ഇരവിപുരംത്ത് നിലവിലെ എംഎൽഎ എം. നൗഷാദിന് തന്നെയാകും വീണ്ടും നറുക്കുവീഴുക. കൊട്ടാരക്കരയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും ചവറയിൽ ഡോ. സുജിത്ത് വിജയൻ പിള്ളയും തന്നെ ജനവിധി തേടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.