ആനപാപ്പാന്മാരാകാൻ നാടുവിട്ട കുട്ടികളെ കണ്ടെത്തി
Sep 23, 2022, 09:33 IST

തൃശൂർ: ആനപാപ്പാന്മാരാകാൻ വേണ്ടി നാടുവിട്ട കുട്ടികളെ കണ്ടെത്തി. കുന്നംകുളം പഴഞ്ഞി സ്വദേശികളായ കുട്ടികളെയാണ് തെച്ചിക്കോട്ട്കാവ് ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന ബസിൽ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പഴഞ്ഞി ഗവണ്മെന്റ് സ്കൂളിലെ മൂന്ന് വിദ്യാർഥികൾ കത്തെഴുതിവച്ച് നാടുവിട്ടത്.ആനപാപ്പാൻമാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേയ്ക്കു പോകുകയാണെന്നുമാണ് കുട്ടികൾ കത്തിൽ പറഞ്ഞിരുന്നത്. പോലീസ് അന്വേഷിച്ച് വരേണ്ടെന്നും മാസത്തിലൊരിക്കൽ വീട്ടിൽ എത്താമെന്നും ഇവർ കത്തിൽ എഴുതിയിരുന്നു. കുട്ടികൾ കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കുന്നംകുളം പോലീസ് തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്