പാലക്കാട്: കേരളത്തെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതി പരോളിലിറങ്ങിയ സമയത്ത് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയെ ഭീഷണിപ്പെടുത്തി. 20 ദിവസത്തെ പരോളിൽ നാട്ടിലെത്തിയ പ്രതി ഭീഷണി മുഴക്കുകയായിരുന്നു. ഹരിതയുടെ പരാതിയിൽ കുഴൽമന്ദം പോലീസ് കേസെടുത്തതോടെ നാലാം ദിവസം തന്നെ ഇയാളുടെ പരോൾ റദ്ദാക്കി തിരികെ ജയിലിലടച്ചു.(Thenkurissi honour killing case, accused threatens wife of murdered Aneesh)
ഡിസംബർ 24-നാണ് ഇയാൾ പരോളിലിറങ്ങി നാട്ടിലെത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഹരിതയെ ഭീഷണിപ്പെടുത്തിയത്. ഭയന്ന ഹരിത ഉടൻ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. പരോൾ വ്യവസ്ഥകൾ ലംഘിച്ചതായും സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും ബോധ്യപ്പെട്ടതോടെ അധികൃതർ പരോൾ റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു.
2020 ഡിസംബർ 25-നാണ് ഇതര ജാതിയിൽപ്പെട്ട ഹരിതയെ വിവാഹം കഴിച്ചതിന്റെ പേരിൽ 27-കാരനായ അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് 88-ാം നാളിലായിരുന്നു കൊലപാതകം. "90 ദിവസത്തിനുള്ളിൽ കൊന്നു കളയും" എന്ന പ്രഭുകുമാറിന്റെ മുൻപത്തെ ഭീഷണി നടപ്പിലാക്കുകയായിരുന്നു.
ഹരിതയുടെ അമ്മാവൻ സുരേഷ് (ഒന്നാം പ്രതി), അച്ഛൻ പ്രഭുകുമാർ (രണ്ടാം പ്രതി). രണ്ടുപേർക്കും കോടതി ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു അനീഷും ഹരിതയും വിവാഹിതരായത്. കേസിൽ 59 സാക്ഷികളെ വിസ്തരിച്ച പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.