കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, സ്വർണ്ണ വ്യാപാരി ഗോവർധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് വിട്ടുകിട്ടാൻ കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയത്.(SIT to question 3 accused including Potty in Sabarimala gold theft case today)
മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൊള്ളയിലെ നിർണ്ണായക വിവരങ്ങൾ ശേഖരിക്കാനാണ് എസ്.ഐ.ടിയുടെ നീക്കം. സ്വർണ്ണക്കൊള്ളയിൽ മൂവർക്കും തുല്യപങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൈക്കലാക്കിയ സ്വർണ്ണം എവിടെയൊക്കെയാണ് എത്തിച്ചത്, ഇതിൽ രാഷ്ട്രീയ-ഭരണ രംഗത്തെ ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. പ്രതികൾക്ക് അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യവും സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം, കേസിൽ പ്രതിയായ ഡി. മണി തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെയോ മറ്റ് പ്രവാസികളെയോ അറിയില്ലെന്ന് മൊഴി നൽകി. എന്നാൽ മണിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ. മണിയുടെ സഹായി ശ്രീകൃഷ്ണൻ ഇറിഡിയം തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി പ്രമുഖരെ ഇയാൾ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. മണിയുടെ സംഘത്തിന് പിന്നിൽ ഇറിഡിയം തട്ടിപ്പ് സംഘമാണെന്ന നിഗമനത്തിലാണ് നിലവിൽ അന്വേഷണ സംഘം.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായകമെന്ന് കരുതിയ ഡി. മണിയുടെ ചോദ്യം ചെയ്യൽ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നു. മണിയും സഹായി ശ്രീകൃഷ്ണനും ഇറിഡിയം തട്ടിപ്പ് സംഘാംഗങ്ങളാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞെങ്കിലും, ശബരിമല സ്വർണ്ണക്കൊള്ളയുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളോ വിവരങ്ങളോ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഇതുവരെ സാധിച്ചിട്ടില്ല.
ഡി. മണിയുമായി തനിക്ക് നിലവിൽ ബന്ധമില്ലെന്നാണ് സഹായി ശ്രീകൃഷ്ണൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഇറിഡിയം തട്ടിപ്പ് കേസിലെ പ്രതിയായ ശ്രീകൃഷ്ണനെ ചോദ്യം ചെയ്തെങ്കിലും സ്വർണ്ണക്കൊള്ളയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. താൻ തിരുവനന്തപുരത്ത് ആകെ രണ്ട് തവണ മാത്രമേ വന്നിട്ടുള്ളൂ എന്നാണ് ഡി. മണിയുടെ വിശദീകരണം. ഇറിഡിയം തട്ടിപ്പിന് വേണ്ടിയാണോ ഇവർ കേരളത്തിലെത്തിയത് എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ശബരിമല കേസിലേക്ക് ഇവരെ ബന്ധിപ്പിക്കാൻ കൃത്യമായ തെളിവുകളുടെ അഭാവമുണ്ട്.