തിരുവനന്തപുരം: ശിവഗിരിയിൽ 93-ാമത് തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസംഗം കേൾക്കാൻ നിൽക്കാതെ മടങ്ങേണ്ടി വരുന്നതിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗം നിശ്ചയിച്ചിട്ടുള്ളതിനാൽ അതിൽ പങ്കെടുക്കാൻ പോകേണ്ടതുണ്ടെന്നും, അതിനാൽ മര്യാദകേട് കാണിക്കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.(CM Pinarayi Vijayan and Siddaramaiah on the same stage despite the Bulldozer Raj controversy )
ഇന്ത്യയുടെ ബഹസ്വരത തകർക്കപ്പെടുകയാണെന്നും ഇത് സാംസ്കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐതിഹ്യങ്ങളെ ചരിത്രങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാതുർവർണ്യ വ്യവസ്ഥയെയും ബ്രഹ്മണ്യത്തെയും തകർക്കുന്നതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങൾ. ക്ഷത്രിയ-ബ്രാഹ്മണ അധികാര വ്യവസ്ഥയ്ക്കെതിരെ അടിച്ചമർത്തപ്പെട്ടവന്റെ കലാപമായിരുന്നു അരുവിപ്പുറത്തെ പ്രതിഷ്ഠയെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീർത്ഥാടനം ഈഴവരുടേത് മാത്രമാകരുതെന്നും അത് അറിവിന്റെയും സർവ്വ മത സാഹോദര്യത്തിന്റെയും തീർത്ഥാടനമാകണമെന്ന ഗുരുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
അധികാരം കൈയ്യിലുള്ള പലരും കുട്ടികളെ അസംബന്ധം പഠിപ്പിച്ച് നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകുന്ന കാലമാണിതെന്ന് അദ്ദേഹം വിമർശിച്ചു. ഗുരുവിന്റെ പാത പിന്തുടർന്നാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കർണാടകയിൽ 'ബുൾഡോസർ രാജ്' വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സിദ്ധരാമയ്യയും പിണറായി വിജയനും ഒരേ വേദിയിലെത്തുന്നത് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നോക്കിക്കണ്ടത്. എന്നാൽ ഔദ്യോഗിക തിരക്കുകൾ കാരണം സിദ്ധരാമയ്യയുടെ പ്രസംഗത്തിന് മുൻപ് പിണറായി വിജയൻ വേദി വിട്ടു.