കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദപരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവനകൾ നടത്തിയെന്ന പരാതിയിൽ എം. സ്വരാജിനെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.(Controversial speech on Sabarimala women's entry issue, Court seeks report on complaint against M Swaraj)
2018-ൽ നടത്തിയ ഒരു പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി ഒഴുകിവന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസംഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു സുനിൽ നേരത്തെ കൊല്ലം വെസ്റ്റ് എസ്.എച്ച്.ഒയ്ക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.
എന്നാൽ പോലീസ് കേസെടുക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും തെളിവായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.