

കൊച്ചി: സേവ് ബോക്‌സ് ഓൺലൈൻ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) വീണ്ടും നോട്ടീസ് നൽകി. ജനുവരി ഏഴാം തീയതി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ജയസൂര്യയെ ഇതിനുമുമ്പ് രണ്ട് തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.(Save Box Fraud Case, ED issues another notice to actor Jayasurya)
ഓൺലൈൻ ലേല ആപ്പിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തൃശൂർ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. സ്ഥാപന ഉടമയായ സ്വാതിഖ് റഹീമിനെ 2023 ജനുവരിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നൽകാമെന്നും മാസം 25 ലക്ഷം രൂപ വരെ ലാഭം നൽകാമെന്നും വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. നൂറിലധികം ആളുകളിൽ നിന്നായി കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിക്കുകയും എന്നാൽ ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെ വഞ്ചിച്ചെന്നുമാണ് പരാതി.
സാമ്പത്തിക ഇടപാടുകളിൽ ജയസൂര്യയ്ക്ക് പങ്കുണ്ടോ എന്നും ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ പ്രതിഫലം കൈപ്പറ്റിയതിൽ ക്രമക്കേടുണ്ടോ എന്നും ആണ് ഇ.ഡി പരിശോധിക്കുന്നത്.