എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

nb m

എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിറ്റൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. രാജഗോപാലന്‍ ക്ലാസെടുത്തു. സേവന, ഉത്പാദന സംരംഭങ്ങള്‍ക്ക് ആകെ മുതല്‍മുടക്കിന്റെ 35 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി, ഉത്പാദന സംരംഭങ്ങളുടെ സ്ഥിരനിക്ഷേപത്തിന്റെ 20 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന സംരംഭക സഹായ പദ്ധതി, 10 ലക്ഷം വരെ പദ്ധതി ചെലവ് വരുന്ന ഉത്പാദന, സേവന സംരംഭങ്ങള്‍ക്ക് 40 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ്സ് പദ്ധതി, ഫുഡ് പ്രോസസിങ് സംരംഭക പദ്ധതി എന്നിവയെ കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു.

കനറാ ബാങ്ക് എലപ്പുള്ളി ബ്രാഞ്ച് മാനേജര്‍ അഖില്‍ രാജന്‍ ബാങ്ക് സംരംഭക വായ്പയെടുക്കാനാവശ്യമായ ബാങ്ക് അക്കൗണ്ട്, ഐ.ഡി, സബ്സിഡി എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി എസ്.എല്‍ സുമ, പഞ്ചായത്തംഗങ്ങളായ പുണ്യാകുമാരി, ശരവണകുമാര്‍, രാജകുമാരി, രമേശന്‍, അപ്പുക്കുട്ടന്‍, ശശിധരന്‍, സന്തോഷ്, ഗ്രാമപഞ്ചായത്ത് ഇന്റേണ്‍ സി. ചിന്‍സി, 71-ഓളം സംരംഭകര്‍ പങ്കെടുത്തു.

Share this story