കൊച്ചി: 'ആട് 3' സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പരിക്കിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പരിഹാസങ്ങൾക്കും 'കർമ്മഫല' കമന്റുകൾക്കും ചുട്ട മറുപടിയുമായി നടൻ വിനായകൻ. വിനായകൻ എപ്പോൾ മരിക്കണമെന്ന് കാലം തീരുമാനിക്കുമെന്നും തന്നെ കർമ്മം പഠിപ്പിക്കാൻ ആരും വരേണ്ടെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ താരം വ്യക്തമാക്കി.(Actor Vinayakan responds to those who mocked him)
"വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ. വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ല. 'കർമ്മം' എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും. അതുകൊണ്ട് നിങ്ങളുടെ പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ട് വേണ്ട" - വിനായകൻ കുറിച്ചു.
തിരുച്ചെന്തൂരിൽ 'ആട് 3'യുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് വിനായകന് പരിക്കേറ്റത്. ജീപ്പ് ഉൾപ്പെടുന്ന ആക്ഷൻ രംഗത്തിനിടെ കഴുത്തിലെ പേശികൾക്ക് സാരമായ ക്ഷതമേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആർഐ സ്കാനിംഗിലാണ് പരിക്കിന്റെ ഗൗരവം വ്യക്തമായത്. കഴുത്തിലെ ഞരമ്പിനാണ് മുറിവേറ്റതെന്നും അല്പം വൈകിയിരുന്നെങ്കിൽ ചലനശേഷി പോലും നഷ്ടപ്പെട്ടേനെയെന്നും ആശുപത്രി വിട്ട ശേഷം വിനായകൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.