തിരുവനന്തപുരം: ചരിത്രവിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപിയിൽ അന്തിമ തീരുമാനമായില്ല. മുൻ ഡിജിപി ആർ. ശ്രീലേഖയെ മേയറാക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. വിഷയത്തിൽ അതൃപ്തി അറിയിച്ച് ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി.(Who is the mayor of Thiruvananthapuram? last-minute split in the BJP over the candidate)
തർക്കങ്ങൾക്കിടെ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ ആർ. ശ്രീലേഖയെ വീട്ടിലെത്തി സന്ദർശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ മേയറാകുന്നത് പാർട്ടിക്ക് ദേശീയ തലത്തിൽ വലിയ പ്രതിച്ഛായ നൽകുമെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നുമാണ് ശ്രീലേഖയെ അനുകൂലിക്കുന്നവരുടെ വാദം.
എന്നാൽ, പാർട്ടിക്ക് പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് ഉന്നത പദവി നൽകുന്നതിനോട് ഒരു വിഭാഗം നേതാക്കൾ വിയോജിക്കുന്നു. ഇതോടെ പാർട്ടിയിലെ മുതിർന്ന നേതാവായ വി.വി. രാജേഷിന്റെ പേരിനും സജീവ പരിഗണന ലഭിക്കുന്നുണ്ട്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സിമി ജ്യോതിഷ്, ജി.എസ്. മഞ്ജു, ആശ നാഥ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.