തിരുവനന്തപുരം: വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി ബിജെപി വി.വി. രാജേഷിനെ തിരഞ്ഞെടുത്തു. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേര് സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ കടുത്ത എതിർപ്പിനെത്തുടർന്നാണ് രാജേഷിനെ മേയർ സ്ഥാനത്തേക്ക് നിശ്ചയിച്ചത്. ശ്രീലേഖ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും പരിഗണിക്കപ്പെടില്ലെന്നാണ് വിവരം. ഇന്ന് ശ്രീലേഖയുടെ വസതിയിൽ ബിജെപി നേതാക്കൾ നടത്തിയ ചർച്ചയിൽ, കോർപ്പറേഷൻ ഭരണത്തിന് പകരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തതായാണ് സൂചന.(BJP's Mayor candidate in Thiruvananthapuram is VV Rajesh, Setback for R Sreelekha)
വി.വി. രാജേഷിനെ പാർട്ടി തിരഞ്ഞെടുത്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തര യോഗത്തിലാണ്. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. ബിജെപി സംസ്ഥാന സെക്രട്ടറിയും തലസ്ഥാനത്തെ പാർട്ടിയുടെ പ്രമുഖ മുഖവുമായ വി.വി. രാജേഷ് നിലവിൽ കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള കൗൺസിലറാണ്. രണ്ടാം തവണയാണ് അദ്ദേഹം കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്നത്.
നാല് പതിറ്റാണ്ട് നീണ്ട ഇടതുകോട്ട തകർത്ത് ബിജെപി അധികാരം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാകും ഇനി നഗരഭരണം നയിക്കുക. ആർ. ശ്രീലേഖ മേയറാകുമെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന വാർത്തകൾ ഇതോടെ അപ്രസക്തമായി.
സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരു കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. നാല് പതിറ്റാണ്ടായി ഇടതുപക്ഷം കുത്തകയാക്കി വെച്ചിരുന്ന തലസ്ഥാന കോർപ്പറേഷനിൽ 50 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. ഭരണം നിലനിർത്താമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എൽഡിഎഫിന് അപ്രതീക്ഷിത പ്രഹരമാണ് ഇത്തവണ ലഭിച്ചത്. കഴക്കൂട്ടം ഉൾപ്പെടെയുള്ള സിറ്റിംഗ് വാർഡുകളിൽ ഇടതുമുന്നണി തകർന്നടിഞ്ഞു. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയിട്ടും ജനവികാരം ബിജെപിക്ക് അനുകൂലമാവുകയായിരുന്നു.
2020-ൽ വെറും പത്ത് സീറ്റിലൊതുങ്ങിയ യുഡിഎഫ് ഇത്തവണ സീറ്റുകൾ ഇരട്ടിയാക്കി ശക്തമായ തിരിച്ചുവരവ് നടത്തി. തീരദേശ വാർഡുകൾ കോൺഗ്രസിനെ തുണച്ചു. ദേശീയ ശ്രദ്ധയാകർഷിച്ച വിജയമായതിനാൽ മികച്ച ഭരണം കാഴ്ചവെക്കുക എന്നത് ബിജെപിക്കും വി.വി. രാജേഷിനും നിർണ്ണായകമാണ്.