തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ വിവാദനായകൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് അടൂർ പ്രകാശ് എംപി. താൻ കാണുന്നതിന് മുൻപേ പോറ്റി മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും സ്വർണക്കൊള്ളയെക്കുറിച്ചുള്ള നിർദേശങ്ങളാണോ അന്ന് മുഖ്യമന്ത്രി നൽകിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(Adoor Prakash responds to the Chief Minister on the Sabarimala gold theft case)
ആറ്റിങ്ങൽ എംപിയായിരുന്ന സമയത്താണ് പോറ്റി തന്നെ വന്ന് കണ്ടത്. അന്നദാന പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് അദ്ദേഹം വന്നത്. ആ കൂടിക്കാഴ്ചയിൽ അവിടുത്തെ ഇടതുപക്ഷ എംഎൽഎയും കൂടെയുണ്ടായിരുന്നു. താൻ കാണുന്നതിന് മുൻപേ മുഖ്യമന്ത്രി പോറ്റിയെ കണ്ടിരുന്നു. ശബരിമലയുടെ ചുമതല തന്നെ ഏൽപ്പിച്ചെന്നാണ് മുഖ്യമന്ത്രി പോറ്റിയോട് പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിക്കാത്ത ആരോപണമാണ് ഇപ്പോൾ ഉയർത്തുന്നതെന്നും അടൂർ പ്രകാശ് പരിഹസിച്ചു.
സോണിയ ഗാന്ധിയെ കാണാൻ പോറ്റിയെ കൊണ്ടുപോയത് താനല്ല എന്നും, മറ്റാരോ അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം തന്നെക്കൂടി വിളിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. "അതൊരു കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു. കള്ളന്മാർക്ക് ഒരിക്കലും കൂട്ടുനിൽക്കുന്ന പാരമ്പര്യം ഇല്ല" - എംപി വ്യക്തമാക്കി.