Times Kerala

 ചേർത്തല ആശുപത്രിയിൽ സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി -44 കാരി വിധേയയായത് റൈറ്റ് ഹെമി കോളക്ടമി ശസ്ത്രക്രിയക്ക് 

 
 ചേർത്തല ആശുപത്രിയിൽ സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി -44 കാരി വിധേയയായത് റൈറ്റ് ഹെമി കോളക്ടമി ശസ്ത്രക്രിയക്ക് 
 

ആലപ്പുഴ: സങ്കീർണ്ണമായ റൈറ്റ് ഹെമി കോളക്ടമി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ. ക്യാൻസർ ചികിത്സയുടെ ഭാഗമായാണ് വൻകുടൽ ഭാഗികമായി നീക്കം ചെയ്യുന്ന റൈറ്റ് ഹെമി കോളക്ടമി ശസ്ത്രക്രിയ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്. മരുത്തോർവട്ടം സ്വദേശിനി 44 കാരിയാണ് ശാസ്ത്രക്രിയ്ക്ക് വിധേയയായത്.

അസഹനീയമായ വയറുവേദനെയെ തുടർന്നാണ് ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് വൻകുടലിൽ ക്യാൻസർ സ്ഥിരീകരിക്കുകയായിരുന്നു. വയറിന്റെ ഭിത്തിയിലേക്കും അനുബന്ധ അവയവങ്ങളിലേക്കും വ്യാപിച്ച നിലയിൽ സങ്കീർണ്ണമായിരിക്കെയാണ് ശസ്ത്രക്രിയ അടിയന്തരമായി നടത്തിയത്. മൂന്നു മണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. രോഗി ആശുപത്രിയിൽ തുടർ നിരീക്ഷണത്തിലാണിപ്പോൾ. 

സാധരണ മെഡിക്കൽ കോളേജ് ആശുപത്രികളിൽ മാത്രമാണ് ഇത്തരം ശാസ്ത്രക്രിയകൾ നടത്തുന്നത്. എന്നാൽ, സുസജ്ജമായ പോസ്റ്റ് ഓപ്പറേറ്റീവ് സംവിധാനം, ഇൻഫ്യൂഷൻ പമ്പ്, പേഷ്യൻറ് മോണിറ്ററിംഗ് മൾട്ടിപാരാ മോണിട്ടേഴ്‌സ് തുടങ്ങി സംവിധാനങ്ങൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ ഉള്ളതിനാലാണ് ശസ്ത്രക്രിയ വിജയകരമായത്. മികച്ച ഇൻട്രാ ഓപ്പറേറ്റീവ് അനസ്തേഷ്യ സംവിധാനവും ആശുപത്രിയിലുണ്ട്.

സ്വകാര്യ ആശുപത്രിയിൽ ഇത്തരം ശസ്ത്രക്രിയകൾക്ക് ലക്ഷക്കണക്കിന് രൂപയാണ് ചെലവ്. ആശുപത്രി സൂപ്രണ്ട് ഡോ. സുജ അലോഷ്യസിന്റെ ഇടപെടലുകൾ ഭൗതിക സാഹചര്യമൊരുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഡോ. എം.  മുഹമ്മദ് മുനീറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് 
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സർജൻ ഡോ. കൃഷ്ണ, അനസ്തീഷ്യ കൺസൾട്ടൻ്റ് ഡോ. ബി അമ്പിളി,  ഡോ. നിർമ്മൽ രാജ്, ഡോ. രാജീവ്, ഹെഡ് നേഴ്സ് ശ്രീവിദ്യ, സിസ്റ്റർമാരായ ലിൻസി, വിജിത, ഷൈനി, അശ്വതി എന്നിവരും മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു.
രണ്ട് തീയറ്റർ ദിനങ്ങളിലായി മാസത്തിൽ ശരാശരി 60 ലധികം മേജർ ശസ്ത്രക്രിയകളും 220 ലധികം മൈനർ ശസ്ത്രക്രിയകളും ആശുപത്രിയിൽ നടക്കുന്നുണ്ട്.

Related Topics

Share this story