കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ ആന്റണി ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ, തനിക്കും അതിന്റെ ആനുകൂല്യം ലഭിക്കണമെന്നാണ് മാർട്ടിന്റെ വാദം.(I should get the same benefit that Dileep was acquitted of, Martin, accused in actress assault case, tells High Court)
നടി ആക്രമിക്കപ്പെട്ട വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും, ഗൂഢാലോചനയിൽ പങ്കാളിയായി എന്ന കുറ്റം മാത്രമാണ് തനിക്കെതിരെ ഉള്ളതെന്നും മാർട്ടിൻ അവകാശപ്പെടുന്നു. ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട ദിലീപിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതുപോലെ തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ഹർജിയിൽ പറയുന്നു.
വിചാരണ കോടതി വിധിക്കെതിരെ ഇതിനകം മറ്റ് പ്രതികളായ പ്രദീപ്, സലീം എന്നിവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിസമയം, മാർട്ടിൻ ആന്റണി അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് മൂന്ന് പേരെ തൃശ്ശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളാണ് പിടിയിലായത്. പണം വാങ്ങി പെയ്ഡ് പ്രൊമോഷനായി വീഡിയോ പ്രചരിപ്പിച്ചവരും ഇതിൽ ഉൾപ്പെടുന്നു.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബി.എൻ.എസ്.എസ് 72, 75 വകുപ്പുകളും ഐ.ടി ആക്ട് സെക്ഷൻ 67 പ്രകാരവും ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വീഡിയോ പ്രചരിച്ച നൂറിലേറെ സൈറ്റുകൾ പോലീസ് ബ്ലോക്ക് ചെയ്തു.