തിരുവനന്തപുരം: വർക്കല അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ ട്രാക്കിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയിൽ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച സംഭവത്തിൽ റെയിൽവേ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിൽ ഓട്ടോ ഓടിച്ച കല്ലമ്പലം സ്വദേശി സുധിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.(Auto-rickshaw - Vande Bharat collision incident, Railway starts investigation)
പ്ലാറ്റ്‌ഫോം വീതി കൂട്ടുന്ന ജോലികൾക്കായി നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ താൽക്കാലികമായി നിർമ്മിച്ച വഴിയിലൂടെയാണ് സുധി ഓട്ടോ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചുകയറ്റിയത്. തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ ട്രാക്കിലേക്ക് മറിഞ്ഞു. ഈ സമയം ട്രാക്കിലൂടെ വന്ന വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിൽ കിടന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ട്രെയിൻ വേഗത കുറവായതിനാലും ഓട്ടോയിൽ ആളില്ലാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി.
അപകടത്തെ തുടർന്ന് ഒന്നര മണിക്കൂറോളം ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പരിശോധനയിൽ ട്രാക്കിനും ട്രെയിനിനും തകരാറുകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സർവീസ് പുനരാരംഭിച്ചത്.