കാറിലെത്തിയ സംഘം മൂന്നു കിലോ സ്വര്‍ണം കവർന്നതായി പരാതി
Sep 9, 2023, 17:14 IST

തൃശൂര്‍: കാറിലെത്തിയ സംഘം മൂന്നു കിലോ സ്വര്‍ണം കവർന്നതായി പരാതി. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ തൃശൂര്‍ ടൗണിലെ ഡിപി പ്ലാസാ ബിള്‍ഡിംഗിലുള്ള ഡിപി ചെയിന്‍സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
കന്യാകുമാരി മാര്‍ത്തണ്ഡം ഭാഗത്തെ കടകളിലെത്തിക്കാനുള്ള സ്വര്‍ണവുമായി റെയില്‍വേ സ്‌റ്റേഷനിലേക്ക് ജീവനക്കാര്‍ പോകുമ്പോഴായിരുന്നു കവര്‍ച്ചാ സംഘം എത്തിയത്. റിൻറോ, പ്രസാദ് എന്നീ ജീവനക്കാര്‍ സ്വര്‍ണം ബാഗിലാക്കി കടയില്‍ നിന്നിറങ്ങിയയുടന്‍ വെള്ള നിറമുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘം സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. മോഷണം നടക്കണമെങ്കില്‍ സ്ഥാപനത്തിലെ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. ഇവിടെയുള്ള എല്ലാ ജീവനക്കാരുടേയും ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.
