പാലക്കാട്: നടൻ രമേഷ് പിഷാരടിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ. പിണറായി വിജയന്റെ ക്യാബിനറ്റിലും സി.പി.എം പാർട്ടിയിലും ‘മുഴു സംഘികൾ’ ഉണ്ടെന്നും അതുകൊണ്ടാണ് പിഷാരടിയെ ‘അരസംഘി’യാക്കാൻ അവർ ശ്രമിക്കുന്നതെന്നും ഷാഫി പരിഹസിച്ചു. മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Shafi Parambil MP criticizes CM Pinarayi Vijayan’s cabinet and CPM )
പിഷാരടിയെ പാലക്കാട്ടെ ജനങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. അദ്ദേഹം വലിയൊരു ഭീഷണിയാണെന്ന് സി.പി.എം തിരിച്ചറിഞ്ഞു കഴിഞ്ഞു. ആ പരാജയഭീതി കൊണ്ടാണ് അദ്ദേഹത്തെ കോമാളിയാക്കാനും വ്യക്തിഹത്യ നടത്താനും ശ്രമിക്കുന്നത്.
സി.പി.എം വിട്ട് യു.ഡി.എഫിൽ എത്തുന്നവരെ മുഖ്യമന്ത്രി ആക്ഷേപിക്കുമ്പോൾ, ബി.ജെ.പിയിലേക്ക് പോകുന്നവർക്കെതിരെ അദ്ദേഹം മിണ്ടുന്നില്ല. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര ഇടത് പ്രവർത്തകർ തന്നെ ഇത്തവണ തകർക്കുമെന്നും ഷാഫി പറഞ്ഞു. യു.ഡി.എഫിന് പാലക്കാടുമായി ഒരു ‘ഡീൽ’ ഉണ്ടെന്നും അത് ഇവിടുത്തെ ജനങ്ങളുമായാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും വടകര മേഖലയിലുൾപ്പെടെ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

