ബെയ്ജിംഗ്: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇറാന് സൈനിക സഹായം നൽകുന്നു എന്ന മാധ്യമ റിപ്പോർട്ടുകൾ ചൈന തള്ളി. ഇത്തരം ആരോപണങ്ങൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ബുധനാഴ്ച പറഞ്ഞു.(China denies reports of military aid to Iran; warns of retaliation if tariffs are increased)
യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിടാൻ ഇറാൻ ചൈനീസ് ഉപഗ്രഹം ഉപയോഗിച്ചു എന്ന റിപ്പോർട്ടിന് പിന്നാലെയാണ് ചൈനയുടെ വിശദീകരണം. ഇറാന് വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഒരു പ്രത്യേക റിപ്പോർട്ടിനെയും നേരിട്ട് പരാമർശിക്കാതെയായിരുന്നു ചൈനയുടെ പ്രതികരണം. ഇറാന് ആയുധങ്ങൾ നൽകിയാൽ ചൈനയ്ക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരം ആരോപണങ്ങളുടെ പേരിൽ അമേരിക്ക താരിഫ് വർദ്ധിപ്പിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ലിൻ ജിയാൻ വ്യക്തമാക്കി. അടുത്ത മാസം ചൈന സന്ദർശിക്കാനിരിക്കുന്ന ട്രംപ്, ചൈനയ്ക്ക് അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും അസംസ്‌കൃത എണ്ണ നൽകാമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള എണ്ണയെ ചൈന വൻതോതിൽ ആശ്രയിക്കുന്നുണ്ട്.

