ഫത്തേഗഡ് സാഹിബ്: പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിൽ വൈശാഖി ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങിയ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് പേർ കൊല്ലപ്പെട്ടു (Punjab Bus Accident). ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ മൊറിൻഡ-ചുന്നി റോഡിലെ ഹിമ്മത്പുര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ 21 പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രൂപ്‌നഗർ ജില്ലയിലെ ആനന്ദ്പുർ സാഹിബിൽ വൈശാഖി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർത്ഥാടകർ. ഫത്തേഗഡ് സാഹിബിലെ മെയ്ൻ മജ്രി ഗ്രാമവാസികളാണ് ബസിലുണ്ടായിരുന്നവരെല്ലാം. ബസിനുണ്ടായ സാങ്കേതിക തകരാറാണ് നിയന്ത്രണം വിട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന ഉടനെ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും അപകടത്തിന്റെ കൃത്യമായ കാരണം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം വ്യക്തമാകുമെന്നും ഫത്തേഗഡ് സാഹിബ് ഡിഎസ്പി രാജ് കുമാർ അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
Story Summary: Six people died and 21 were injured after a bus carrying Vaisakhi pilgrims overturned in Punjab’s Fatehgarh Sahib. The accident occurred on Tuesday night due to a technical snag while the victims were returning from Anandpur Sahib.

