തിരുവനന്തപുരം: സംസ്ഥാനം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. വയനാട്ടിലെ സുൽത്താൻ ബത്തേരി, കല്‍പ്പറ്റ അടക്കമുള്ള മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകള്‍ രാവിലെ ആറരയോടെ തന്നെ തുറന്ന് നടപടികള്‍ ആരംഭിച്ചു. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ആദ്യ സൂചനകൾ 9 മണിയോടെ ലഭ്യമായിത്തുടങ്ങും. വൈകുന്നേരം അഞ്ച് മണിയോടെ മുഴുവൻ ഫലങ്ങളും പ്രഖ്യാപിക്കാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.(Kerala Assembly Election Vote Counting 2026,The verdict will be known soon, counting of votes will begin at 8 am)
തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. 50 എണ്ണം വീതമുള്ള കെട്ടുകളാക്കിയാണ് ഇവ തരംതിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും. ഓരോ റൗണ്ടിലും 12 മുതൽ 14 വരെ ബൂത്തുകൾ എണ്ണും. പരമാവധി 20 റൗണ്ടുകൾ വരെ ഉണ്ടാകാം. വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിൽ ഓരോ മണ്ഡലത്തിലെയും നറുക്കെടുക്കുന്ന 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ കൂടി എണ്ണുന്നതോടെ നടപടികൾ പൂർത്തിയാകും.
സംസ്ഥാനത്തുടനീളം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 20 കമ്പനി കേന്ദ്രസേന ഉൾപ്പെടെ 32,301 പൊലീസുകാരെ ഡ്യൂട്ടിക്കായി വിന്യസിച്ചു. വോട്ടെണ്ണൽ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹാളിനുള്ളിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കും ക്യുആർ കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
കേരളത്തിന് പുറമേ തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെണ്ണൽ ഇന്നാണ് നടക്കുന്നത്. ബംഗാളിലെ വോട്ടെണ്ണൽ റീപോളിങ് നിശ്ചയിച്ചതിനാൽ ഒരു മണ്ഡലത്തിൽ ഒഴികെ മറ്റെല്ലായിടത്തും ഇന്ന് ഫലം അറിയാം.
Story Summary
The counting of votes for the Kerala Legislative Assembly elections is underway across 140 centers, with the first trends expected by 9 AM. Comprehensive security arrangements and a statewide dry day are in place to ensure a smooth process until the final results are declared by evening.

