ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ, ആദ്യ വരുമാനം ലഭിച്ചതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ടോൾ ഇനത്തിൽ ലഭിച്ച ആദ്യ ഗഡു സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റെസ ഹാജിബാബേയ് വ്യക്തമാക്കി.(Toll collection in the Strait of Hormuz, Iran says it has received its first revenue)
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തിന് ടോൾ ഏർപ്പെടുത്താൻ ഇറാൻ പാർലമെന്റ് ബിൽ പാസാക്കിയത്. മാർച്ച് 30-ന് പാർലമെന്റ് സുരക്ഷാ കമ്മിറ്റി ഇതിന് അംഗീകാരം നൽകി.
ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് നടന്നിരുന്ന ഈ പാതയിൽ ഇപ്പോൾ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിരലിലെണ്ണാവുന്ന കപ്പലുകൾക്ക് മാത്രമാണ് നിലവിൽ കടന്നുപോകാൻ അനുമതിയുള്ളത്. ഹോർമുസ് കടലിടുക്ക് ഇനി യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം മുതൽ ടോൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കാനും ഇറാൻ ആരംഭിച്ചിട്ടുണ്ട്.
ഇറാന്റെ ഈ നീക്കം ആഗോള ചരക്കുനീക്കത്തെയും എണ്ണ വിപണിയെയും വലിയ തോതിൽ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ബ്രിട്ടൻ, ഫ്രാൻസ് ഉൾപ്പെടെ മുപ്പതോളം രാജ്യങ്ങൾ ഹോർമുസിലെ ഗതാഗത സുരക്ഷയെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്. അതേസമയം, ഇറാന്റെ നീക്കത്തിന് തിരിച്ചടിയായി അമേരിക്ക ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

