ഹൈദരാബാദ്: രാം ചരൺ, ജാൻവി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്ത പുതിയ തെലുങ്ക് ചിത്രം ‘പെദ്ധി’ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സ്ത്രീവിരുദ്ധതാ വിമർശനം (Peddi Movie Misogyny Controversy). ചിത്രത്തിൽ ജാൻവി കപൂർ അവതരിപ്പിച്ച ‘അച്ചിയമ്മ’ എന്ന നായിക കഥാപാത്രത്തെ അങ്ങേയറ്റം മോശമായും, കേവലം ഒരു ലൈംഗിക ബിംബമായും ഉപഭോഗവസ്തുവായും മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രേക്ഷകർ രംഗത്തെത്തിയത്. ചിത്രത്തിലെ ഗാനരംഗങ്ങളിലും സീനുകളിലും നടിയുടെ ശരീരപ്രദർശനത്തിന് മാത്രമാണ് സംവിധായകൻ പ്രാധാന്യം നൽകിയതെന്നും, ബി ഗ്രേഡ് സിനിമകളിലെ നായികമാരെപ്പോലെയാണ് ജാൻവിയെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും കടുത്ത ഭാഷയിൽ വിമർശനമുയർന്നു. ചിത്രത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ഒടുവിൽ പരസ്യമായ ക്ഷമാപണവുമായി സംവിധായകൻ ബുച്ചി ബാബു സന തന്നെ രംഗത്തെത്തി.
തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയിൽ നായികയുടെ സമ്മതമില്ലാതെ സ്പർശിക്കുന്നതും ബലമായി ചുംബിക്കുന്നതുമായ അതിക്രമങ്ങളെ പ്രണയമെന്ന മഹത്വവൽക്കരിക്കുന്നു എന്നതാണ് ചിത്രത്തിന് നേരെ ഉയരുന്ന ആരോപണം. ഇതിനെതിരെ പ്രതികരിക്കുന്ന നായികയോട് പിതാവിന്റെ രാഷ്ട്രീയഭാവി ഓർത്ത് അത് സഹിക്കാൻ ആവശ്യപ്പെടുന്ന രംഗങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് സിനിമാസ്വാദകർ ചൂണ്ടിക്കാട്ടി. സിനിമയെയും കഥാപാത്രത്തെയും വിമർശിച്ചുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ജാൻവി കപൂർ തന്നെ ലൈക്ക് ചെയ്തത് വലിയ ചർച്ചയായിരുന്നു. ചിത്രത്തിനെതിരെ ഉയർന്ന എല്ലാ പ്രതികരണങ്ങളും താൻ ഗൗരവമായി എടുക്കുന്നുവെന്നും, സിനിമയുടെ ഏതെങ്കിലും ഭാഗം സ്ത്രീകളെ വസ്തുവൽക്കരിക്കുന്നതായി തോന്നിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ബുച്ചി ബാബു സന എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പ്രേക്ഷകരുടെ സംവേദനക്ഷമതയെ മാനിച്ചുകൊണ്ട് ചിത്രത്തിലെ വിവാദപരമായ രംഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായും സംവിധായകൻ വ്യക്തമാക്കി.
Summary: Director Buchi Babu Sana has issued an official apology following severe social media backlash over the objectification of actress Janhvi Kapoor in his latest Telugu film ‘Peddi’, co-starring Ram Charan. Audiences and critics heavily criticized the portrayal of Janhvi’s character, ‘Achiyamma’, calling it deeply misogynistic and comparing it to performances in B-grade movies due to excessive skin show and lack of character depth.

