തിരുവനന്തപുരം : നാലു പതിറ്റാണ്ടിലേറെയായി ആഴവും പരപ്പുമുള്ള സ്വരമാധുരി കൊണ്ട് മലയാളി മനസ്സുകളെ ആർദ്രമാക്കുന്ന സംഗീത നദിയാണ് കെ.എസ്. ചിത്ര. മലയാളത്തിന്റെ സ്വന്തം വാനമ്പാടിക്ക് ഇന്ന് 63-ാം പിറന്നാൾ. പ്രണയവും വിരഹവും ഭക്തിയും വിഷാദവുമെല്ലാം ഒരേപോലെ ആവാഹിച്ചെടുക്കുന്ന ആ ഭാവതീവ്രമായ ആലാപന മികവ് തലമുറകളെയാണ് സംഗീത സാഗരത്തിൽ ആറാട്ടുന്നത്.(KS Chithra Celebrates 63rd Birthday Four Decades Of Musical Journey)
സിനിമയിലെ കഥാപാത്രങ്ങളുടെ ആത്മഭാവങ്ങൾ തൊട്ടറിഞ്ഞ് പാട്ടുകളിലേക്ക് സന്നിവേശിപ്പിക്കാനുള്ള അപൂർവ്വ കഴിവാണ് ചിത്രയെ എന്നും വേറിട്ടുനിർത്തുന്നത്. മലയാളികൾക്ക് ഇവർ ‘വാനമ്പാടി’യാണെങ്കിൽ തമിഴകർക്ക് ‘ചിന്നക്കുയിൽ’ ആണ്. തെലുങ്കർക്ക് ‘സംഗീത സരസ്വതി’യായും കർണ്ണാടകക്കാർക്ക് ‘കന്നഡ കോകിലെ’യായും ഉത്തരേന്ത്യക്കാർക്ക് ‘പിയ ബസന്തി’യായും ചിത്ര ജനഹൃദയങ്ങളിൽ വാഴുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, അസമീസ് തുടങ്ങിയ വിവിധ ഭാഷകളിലായി പതിനയ്യായിരത്തിലധികം ഗാനങ്ങളാണ് ഈ സ്വരമാധുരിയിൽ പിറവിയെടുത്തത്.
ചിത്രയ്ക്ക് സംഗീതം എന്നും ജീവവായുവായിരുന്നു. എം.ജി. രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവ്വഹിച്ച ‘രജനീ പറയൂ’ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റായി മാറിയത്. ആറ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും പതിനാറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ചിത്രയെ രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ജീവിത വഴിയിൽ വലിയ നൊമ്പരങ്ങളും നഷ്ടങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, ആ മുഖത്തെ നറുപുഞ്ചിരി മായാതെ ഇന്നും സംഗീത ലോകത്ത് സജീവമായി തുടരുകയാണ് ഈ ദേവഗായിക.
Story Summary
Legendary playback singer K.S. Chithra celebrates her 63rd birthday today. With a career spanning over four decades, the six-time National Award winner and Padma Bhushan recipient has sung over 15,000 songs across multiple Indian languages, captivating generations with her soulful voice.


