ന്യൂഡൽഹി: Gen Z യുവാക്കളെയും അടുത്തിടെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളെയും ലക്ഷ്യമിട്ട് ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിvവച്ചിരിക്കുകയാണ് (Kangana Ranaut Gen Z Controversy). പ്രതിഷേധക്കാരെ വിമർശിക്കുന്നതിനിടെ യുവതലമുറയെ “ജനറേഷൻ ഗട്ടർ” എന്ന് വിശേഷിപ്പിക്കുകയും അവരുടെ വിദ്യാഭ്യാസം, വ്യക്തിത്വം, ജീവിതശൈലി എന്നിവയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നടത്തിയ പരാമർശങ്ങളാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്.
സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം. പ്രതിഷേധക്കാരുടെ ഭാഷയും സോഷ്യൽ മീഡിയ പോസ്റ്റുകളും “വെറുപ്പുളവാക്കുന്നതാണ്” എന്ന് അവകാശപ്പെട്ട അവർ, താൻ ഇത്രയും “അസഭ്യമായ കാഴ്ചകൾ” മുമ്പ് കണ്ടിട്ടില്ലെന്നും വിമർശിച്ചു. പ്രതിഷേധക്കാരുടെ വളർത്തലിനെയും അവർ ചോദ്യം ചെയ്തു. പ്രതിഷേധങ്ങളിൽ ചിലർ സ്വയം “കോക്ക്രോച്ചുകൾ” എന്ന് വിശേഷിപ്പിച്ചതിനെ പരാമർശിച്ച കങ്കണ, ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെയും പ്രതിഷേധക്കാരുടെ പെരുമാറ്റത്തെയും താരതമ്യം ചെയ്തുകൊണ്ട് കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. പിന്നാലെ പ്രതിഷേധങ്ങളിൽ പങ്കെടുത്ത യുവതികളെ ലക്ഷ്യമിട്ടും അവർ പരാമർശങ്ങൾ നടത്തി.
“ജനറേഷൻ ഗട്ടർ” എന്നാണ് താൻ ഈ തലമുറയെ വിളിക്കുന്നതെന്നും, ഇവരിൽ ചിലർക്ക് സമൂഹത്തിന് ഒന്നും നൽകാനില്ലെന്നും, പഠനത്തിലും കുടുംബജീവിതത്തിലും അവർ പരാജയപ്പെട്ടവരാണെന്നും കങ്കണ സമൂഹമാധ്യമ പോസ്റ്റിൽ ആരോപിച്ചു. ഈ പരാമർശങ്ങളാണ് വിവാദത്തിന് പ്രധാന കാരണം. കങ്കണയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാക്കൾ ശക്തമായി രംഗത്തെത്തി. കോൺഗ്രസ് നേതാവ് ഭായ് ജഗ്താപ്, വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ് നടപടികളിൽ കങ്കണയ്ക്ക് യാതൊരു സഹാനുഭൂതിയും ഇല്ലേയെന്ന് ചോദിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കളും യുവതികളും നേരിട്ട അതിക്രമങ്ങളെക്കുറിച്ച് അവർ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AIMIM നേതാവ് വാരിസ് പത്താൻ കങ്കണയുടെ ഭാഷയെ ശക്തമായി അപലപിച്ചു. ജെൻ സി തലമുറയോട് കങ്കണ പരസ്യമായി മാപ്പ് പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പാർട്ടി എംപിമാർ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥി പ്രതിഷേധങ്ങളെക്കുറിച്ച് കങ്കണ മുമ്പും വിമർശനാത്മക നിലപാട് സ്വീകരിച്ചിരുന്നു. സർക്കാർ തീരുമാനങ്ങൾക്കെതിരെ തെരുവ് പ്രതിഷേധങ്ങളിലൂടെ സമ്മർദ്ദം ചെലുത്തുന്ന രീതിയെയും അവർ മുൻപ് ചോദ്യം ചെയ്തിരുന്നു. ഏറ്റവും പുതിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വേദികളിലും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
Summary: BJP MP and actor Kangana Ranaut has sparked a political controversy after calling Gen Z protesters “Generation Gutter” and making derogatory remarks about young people. Opposition leaders have condemned her comments and demanded an apology.


