കൊച്ചി: മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യൻ നടി കയാദു ലോഹർ സോഷ്യൽ മീഡിയയിൽ നിന്നും താത്കാലികമായി ബ്രേക്ക് എടുക്കുന്നു (Kayadu Lohar Instagram break). ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രത്യേക കുറിപ്പിലൂടെയാണ് താരം ഈ വിവരം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്. ജീവിതത്തിന്റെ വേഗത അല്പം കുറയ്ക്കാനും കുറച്ചു സമയത്തേക്ക് ഡിജിറ്റൽ ലോകത്തു നിന്ന് പൂർണ്ണമായി മാറിനില്‍ക്കാനും, സ്‌ക്രീനുകള്‍ക്കപ്പുറമുളള യഥാർത്ഥ ജീവിതത്തിലും തന്നില്‍ തന്നെയും കൂടുതല്‍ സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നുവെന്നാണ് നടി കുറിച്ചത്.
“സോഷ്യല്‍ മീഡിയയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നു. ചിലപ്പോഴൊക്കെ നമ്മുടെ ശരീരത്തിന് നല്‍കുന്നതുപോലെ തന്നെ മനസ്സിനും വിശ്രമം ആവശ്യമാണ്. ജീവിതത്തിന്റെ വേഗത അല്പം കുറയ്ക്കാനും, കുറച്ചു സമയത്തേക്ക് ഡിജിറ്റല്‍ ലോകത്തുനിന്ന് മാറിനില്‍ക്കാനും, സ്‌ക്രീനുകള്‍ക്കപ്പുറമുളള ജീവിതത്തിലും എന്നില്‍ തന്നെയും കൂടുതല്‍ സമയം ചെലവഴിക്കാനും എനിക്കിപ്പോള്‍ തോന്നുന്നു. എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ഇവിടെ സ്‌നേഹം പങ്കുവെക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സന്ദേശങ്ങളും സ്‌നേഹവും എനിക്ക് എത്രത്തോളം വിലപ്പെട്ടതായിരുന്നു എന്ന് വാക്കുകള്‍ക്ക് അപ്പുറമാണ്. ഞാന്‍ കുറച്ചു നാളത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കും, എങ്കിലും പ്രധാനപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കിൽ എന്റെ ടീം ഈ അക്കൗണ്ടിലൂടെ നിങ്ങളെ അറിയിക്കുന്നതായിരിക്കും. എല്ലാവര്‍ക്കും ഒത്തിരി സമാധാനവും സന്തോഷവും നന്മയും നേരുന്നു, വീണ്ടും കാണാം” – കയാദു ലോഹർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
താരത്തിന്റെ അപ്രതീക്ഷിത പിന്മാറ്റത്തിൽ ആരാധകർ ഒരേസമയം ആശങ്കയും പിന്തുണയും അറിയിക്കുന്നുണ്ട്. “എന്താണ് പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം?” എന്നാണ് ഭൂരിഭാഗം ആരാധകരും കമന്റ് ബോക്സിലൂടെ ചോദിക്കുന്നത്. എന്തുതന്നെയായാലും മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകിയുള്ള നടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, ഉടനെ തന്നെ പൂർണ്ണ ആരോഗ്യത്തോടെയും സന്തോഷത്തോടെയും സോഷ്യൽ മീഡിയയിലേക്ക് തിരിച്ചുവരൂ എന്നും നിരവധി ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.
മലയാളത്തിലും തമിഴിലും കന്നഡയിലുമായി ചുരുങ്ങിയ കാലം കൊണ്ട് മികച്ച ശ്രദ്ധ നേടിയ നടിയാണ് കയാദു ലോഹര്‍. ‘മുഗില്‍പേട്ടെ’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് വിനയൻ സംവിധാനം ചെയ്ത ചരിത്ര പശ്ചാത്തലത്തിലുള്ള ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് കയാദു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘നങ്ങേലി’ എന്ന വേഷം കയാദുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി ഏറെ ശ്രദ്ധനേടിയിരുന്നു. മലയാളത്തിൽ ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന പുതിയ ചിത്രത്തിലാണ് കയാദു ഒടുവിൽ വേഷമിട്ടത്.
Story Summary:
Actress Kayadu Lohar announced a temporary break from social media through an emotional Instagram post, stating that her mind needs rest just like her body. She expressed a desire to slow down life, disconnect from the digital world, and focus on herself beyond screens. While thanking her followers for their immense love, she added that her team would manage the account for important updates. Kayadu is well-known for her role as ‘Nangeli’ in the Malayalam movie Pathonpatham Noottandu and was last seen in the Tovino Thomas starrer Pallichattambi.

