വനിതാ സംവരണ ബിൽ നടപ്പാകാൻ ഏഴ് വർഷമെടുക്കും; ഒബിസിക്ക് സംവരണമില്ല

ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടോളം നീണ്ട സ്തംഭനത്തിനും ഭിന്നതയ്ക്കും ശേഷം വനിതാ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബില്ലിന്റെ വിശദാംശങ്ങൾ ഇതിന് പിന്നാലെ പുറത്തുവന്നു. 2029 ഓടെ മാത്രമേ ബിൽ പ്രാബല്യത്തിൽ വരുകയുള്ളു എന്നാണ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാകുന്നതെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. അതിനാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിൽ ബാധകമാകില്ലെന്നാണ് അർത്ഥമാക്കുന്നത്.

ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ അത് നികത്തുമെന്നും ആറ് പേജുള്ള ബില്ലിൽ പറയുന്നു.
ബിൽ നിയമമായി മാറിയാൽ 15 വർഷത്തേക്കായിരിക്കും ഇത് പ്രാബല്യത്തിൽ വരിക. എന്നാൽ ഇതിന് ശേഷം ഇതിന്റെ കാലാവധി ദീർഘിപ്പിച്ചേക്കും. ഓരോ മണ്ഡല പുനർനിർണയത്തിന് ശേഷവും വനിതകൾക്കായി സംവരണം ചെയ്ത മണ്ഡലങ്ങൾ മാറുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
രാജ്യസഭക്കും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകൾക്കും ബിൽ ബാധകമല്ല. ക്വാട്ടയിൽ മൂന്നിലൊന്ന് സീറ്റുകൾ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായിരിക്കും. ബില്ലിൽ ഒബിസി (മറ്റ് പിന്നാക്ക വിഭാഗം) സംവരണം ഉൾപ്പെടുന്നില്ല.നിയമനിർമ്മാണ സഭയ്ക്ക് അത്തരമൊരു വ്യവസ്ഥ നിലവിലില്ലാത്തതിനാലാണിത്.