

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിൽ പുതിയ നേറ്റിവിറ്റി കാർഡ് സംവിധാനം ഏർപ്പെടുത്താൻ തത്വത്തിൽ തീരുമാനമായത് (Kerala Nativity Card). ഓരോ ആവശ്യത്തിനും വില്ലേജ് ഓഫീസുകളിൽ കയറിയിറങ്ങി പുതിയ സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഈ സ്ഥിരം കാർഡ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരാൾ ഈ നാട്ടിൽ ജനിച്ചു വളർന്നയാളാണെന്നോ അല്ലെങ്കിൽ ഇവിടെ സ്ഥിരതാമസക്കാരനാണെന്നോ തെളിയിക്കാൻ ഈ കാർഡ് മാത്രം മതിയാകും.
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും തിരിച്ചറിയൽ രേഖയായി ഈ കാർഡ് ഉപയോഗിക്കാം. നിലവിലെ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾക്ക് നിയമപരമായ ദൃഢത കുറവാണെന്ന പരാതികൾ പരിഗണിച്ചാണ് പുതിയ പരിഷ്കാരം. ഈ കാർഡിന് നിയമപ്രാബല്യം നൽകുന്നതിനായി പ്രത്യേക നിയമനിർമ്മാണം നടത്താൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തഹസിൽദാർമാർക്കായിരിക്കും കാർഡുകൾ വിതരണം ചെയ്യാനുള്ള ചുമതല.
ഒരു വ്യക്തിയുടെ അസ്തിത്വവുമായി ബന്ധപ്പെട്ട രേഖകളുടെ അഭാവത്തിൽ ആരും സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെടരുത് എന്ന കാഴ്ചപ്പാടിലാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേകിച്ച് വോട്ടർ പട്ടിക പുതുക്കൽ പോലുള്ള സമയങ്ങളിൽ സ്വന്തം പൗരത്വം തെളിയിക്കാൻ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഇത് വലിയൊരു ആശ്വാസമാകും. ഫോട്ടോ പതിപ്പിച്ചു നൽകുന്നതിനാൽ ഈ കാർഡ് കൂടുതൽ ആധികാരികമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The Kerala government is set to introduce a permanent photo-affixed 'Nativity Card' to ease the process of proving one's identity and residency. Chief Minister Pinarayi Vijayan highlighted that this legally backed document will replace the traditional nativity certificate, sparing citizens from frequently visiting government offices for new copies. The Revenue Department will draft the legislation for this initiative, which aims to ensure that no resident faces difficulties in establishing their identity for social or government services.