പാലക്കാട്: വാളയാറിൽ കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്റെ കുടുംബത്തിന് കേരള സർക്കാർ 30 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഛത്തീസ്ഗഡ് സർക്കാർ നേരത്തെ 5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായ രാംനാരായണൻ പിറ്റേന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.(Walayar mob lynching, Kerala government grants Rs 30 lakh as financial assistance to Ram Narayan's family)
പ്രതികൾക്കെതിരെ ആദ്യം നിസ്സാര വകുപ്പുകൾ ചുമത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒടുവിൽ ഏഴാം ദിവസമായ ഇന്നലെയാണ് ഭാരതീയ ന്യായ സംഹിതയിലെ ആൾക്കൂട്ട കൊലപാതക വിരുദ്ധ വകുപ്പും (103 (2)), എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്ത് കുറ്റപത്രം പുതുക്കിയത്.
കേസിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. റിമാൻഡിലുള്ള ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) അപേക്ഷ നൽകി. സംഭവത്തിന്റെ ആദ്യഘട്ടത്തിൽ മൊബൈൽ ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പ്രതികളെ പിടികൂടുന്നതിലും പോലീസിന് വീഴ്ച പറ്റിയതായി ആക്ഷേപമുണ്ട്. ഈ സാവകാശം ഉപയോഗിച്ച് ചില പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായും ദൃശ്യങ്ങൾ അടങ്ങിയ ഫോണുകൾ നശിപ്പിച്ചതായും കരുതപ്പെടുന്നു.
പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പുനൽകി. അതേസമയം, രാംനാരായണന്റെ മൃതദേഹം ജന്മനാടായ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയിരുന്നു. സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് കടുത്ത ദുഃഖം രേഖപ്പെടുത്തിയിരുന്നു.