സേലം: തമിഴ്‌നാട്ടിലെ സേലത്ത് ഗവൺമെന്റ് സ്‌കൂൾ അധ്യാപികയെ ഭർത്താവ് വെട്ടിക്കൊന്ന ശേഷം മൂന്ന് വയസ്സുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഓമലൂരിന് സമീപത്തെ കമലാപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായ ശ്രീവിദ്യ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിജയമുരുകൻ, മകൾ അശോക ശിവസുന്ദരി എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.(Teacher hacked to death in Salem school, After poisoning their daughter, her husband also committed suicide)
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വിജയമുരുകൻ സ്‌കൂൾ പരിസരത്ത് അതിക്രമിച്ച് കയറുകയും ശ്രീവിദ്യയുടെ തലയിലും കഴുത്തിലും മാരകായുധം ഉപയോഗിച്ച് നിരന്തരം വെട്ടുകയുമായിരുന്നു. കൃത്യത്തിന് ശേഷം വിജയമുരുകൻ അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ ഓമലൂർ പോലീസ് ശ്രീവിദ്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് വിജയമുരുകനെ ഓമലൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വിജയമുരുകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ് ഈ മൃതദേഹങ്ങളും ഏറ്റെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പത്ത് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. എന്നാൽ കുടുംബപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ ഒരു മാസമായി ശ്രീവിദ്യ ഓമലൂരിൽ മാറി താമസിക്കുകയായിരുന്നുവെന്ന് ഓമലൂർ ഡിഎസ്പി സഞ്ജീവ് കുമാർ പറഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് നേരത്തെ തോലസമ്പട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും പോലീസ് അറിയിച്ചു.

