ഫാസിൽക്ക: ഇൻസ്റ്റഗ്രാമിൽ ഒരുമിച്ച് സുന്ദര നിമിഷങ്ങൾ പങ്കുവെക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ മുൻഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിലായി. പഞ്ചാബിലെ ഫാസിൽക്ക ജില്ലയിലെ ജന്ദ്‌വാല മീര സംഗ്ല ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 42-കാരിയായ സരോജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മുൻഭർത്താവ് ഗുർമീത് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു.(Punjab Woman Murdered by Ex Husband Minutes After Posting Instagram Reel)
സരോജ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച റീലാണ് കൊലപാതക കേസിൽ നിർണായക തെളിവായി മാറിയത്. ഗാനത്തിനൊപ്പം ഗുർമീത് വിജയചിഹ്നം കാണിക്കുന്നതും ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കുന്നതുമാണ് വീഡിയോയിലുള്ളത്. പോലീസ് പറയുന്നതനുസരിച്ച്, പിണങ്ങി കഴിയുകയായിരുന്ന സരോജിനെ ബന്ധം പുതുക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വിജനമായ കാട്ടുപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചുമൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്.
സരോജിന്റെ നിലവിളി കേട്ട് സമീപത്ത് ആടുകളെ മേയ്ക്കുകയായിരുന്ന ആൾ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം പുറത്തെടുത്ത് ഫാസിൽക്ക സിവിൽ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മണിക്കൂറുകൾക്കകം പ്രതിയായ ഗുർമീതിനെ പോലീസ് ഗ്രാമത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. വിവാഹമോചനത്തിനുശേഷം കഴിഞ്ഞ രണ്ടു വർഷമായി സരോജ് സ്വന്തം വീട്ടിലായിരുന്നു താമസം.
Story Summary
A 42-year-old woman named Saroj was brutally murdered by her divorced husband, Gurmeet Singh, shortly after they posted a happy Instagram reel together in Punjab’s Fazilka. Gurmeet allegedly lured her under the pretext of reconciliation, attacked her with a sharp weapon, and attempted to bury her body. Police exhumed the victim’s body and arrested the accused following an alert from a local goatherd.


