വാഷിങ്ടൺ: അമേരിക്കൻ സംസ്ഥാനമായ വാഷിങ്ടണിലെ സ്പൊക്കെയ്ൻ മേഖലയിലുണ്ടായ രൂക്ഷമായ കാട്ടുതീയിൽ കുറഞ്ഞത് 600 വീടുകളും വ്യാപാര സ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളും കത്തി നശിച്ചു (Spokane Washington Wildfire). തീ അതിവേഗം വ്യാപിച്ചതിനെ തുടർന്ന് പ്രദേശത്ത് നിന്ന് ഏകദേശം 60,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.
വാഷിങ്ടൺ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ സ്പൊക്കെയ്‌നിലും സമീപപ്രദേശങ്ങളിലുമായി പടർന്ന തീ വാരാന്ത്യത്തിൽ ഏകദേശം 21 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശം നശിപ്പിച്ചു. അമേരിക്കയുടെ പടിഞ്ഞാറൻ മേഖലകളിലാകെ പടർന്നുപിടിച്ച ഡസൻകണക്കിന് കാട്ടുതീകളിൽ ഒന്നാണ് സ്പൊക്കെയ്ൻ മേഖലയിലെ ദുരന്തം. ഫെഡറൽ, സംസ്ഥാന, പ്രാദേശിക അഗ്നിരക്ഷാ സേനകൾ സംയുക്തമായാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.
വാഷിങ്ടൺ സംസ്ഥാനത്ത് ആകെ ഏകദേശം 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇതിനകം കാട്ടുതീയിൽ നശിച്ചതായാണ് റിപ്പോർട്ട്. സ്പൊക്കെയ്ൻ ഉൾപ്പെടെയുള്ള ചില മേഖലകളിലെ തീ ഇതുവരെ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ല. അതേസമയം, ആളുകൾക്ക് പരിക്കേറ്റതായോ ആരെയെങ്കിലും കാണാതായതായോ റിപ്പോർട്ടുകളില്ലെന്ന് അഗ്നിരക്ഷാ-നിയമനിർവഹണ വിഭാഗങ്ങൾ അറിയിച്ചു. എന്നാൽ രക്ഷാപ്രവർത്തനത്തിന്റെ പ്രാരംഭ ഘട്ടമായതിനാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
സ്പൊക്കെയ്ൻ മേഖലയിൽ നിന്നുള്ള ദൃശ്യങ്ങളിൽ വീടുകളും മറ്റ് കെട്ടിടങ്ങളും തീപിടിച്ച് കത്തുന്നതും ജനവാസ കേന്ദ്രങ്ങൾക്ക് സമീപം കനത്ത കറുത്ത പുക ഉയരുന്നതും കാണാം. ചില വീടുകൾ പൂർണമായും കത്തിനശിച്ച് ചിമ്മിനികൾ മാത്രം അവശേഷിച്ച നിലയിലാണെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്ന പ്രവചനം തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയാകുമെന്ന ആശങ്കയുണ്ട്.
“അപകടസാധ്യത ഇതുവരെ അവസാനിച്ചിട്ടില്ല. അടുത്ത ഏതാനും ദിവസങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും,” സ്പൊക്കെയ്‌നിൽ നടന്ന വാർത്താസമ്മേളനത്തിൽ സെനറ്റർ മരിയ കാന്റ്‌വെൽ പറഞ്ഞു. കാട്ടുതീ എങ്ങനെ ആരംഭിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, അമേരിക്കയുടെ മറ്റ് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും വൻ കാട്ടുതീകൾ തുടരുകയാണ്. പടിഞ്ഞാറൻ ഐഡഹോയിലും കിഴക്കൻ ഒറിഗണിലുമായി പടർന്ന തീ പത്താം ദിവസവും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഏകദേശം 1,360 ചതുരശ്ര കിലോമീറ്റർ പുൽമേടുകൾ കത്തിനശിച്ച ഈ തീ 600-ലധികം വീടുകൾക്കും 800-ഓളം മറ്റ് കെട്ടിടങ്ങൾക്കും ഭീഷണിയുയർത്തുന്നുണ്ട്. മധ്യ യൂട്ടായിലും വൻ കാട്ടുതീ വ്യാപിച്ചു. വാരാന്ത്യത്തിൽ തീപിടിത്തത്തിന്റെ വ്യാപ്തി ഇരട്ടിയിലേറെയായി വർധിച്ച് ഏകദേശം 145 ചതുരശ്ര കിലോമീറ്ററിലേക്ക് എത്തിയതായി അധികൃതർ അറിയിച്ചു. കാട്ടുതീയെ തുടർന്ന് 100-ലധികം കന്നുകാലികൾ ചത്തതായും റിപ്പോർട്ടുണ്ട്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും അമേരിക്കയുടെ പടിഞ്ഞാറൻ മേഖലകളിലെ കാട്ടുതീ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
Summary: Massive wildfires in and around Spokane, Washington, have destroyed at least 600 homes, businesses and other structures, forcing the evacuation of around 60,000 people. Fires remain active across several western US states, while dry weather continues to challenge firefighting efforts.


