ഗൂണ്ട മരട് അനീഷിനു നേരെ തടവുകാരൻ്റെ ആക്രമണം; ബ്ലേഡ് കൊണ്ട് ആക്രമിച്ചു
Nov 20, 2023, 15:03 IST

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിനെ ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ച് സഹതടവുകാരൻ. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും മർദ്ദനമേറ്റു. അമ്പായത്തോട് അഷ്‌റഫ് ഹുസൈൻ എന്ന തടവുകാരനാണ് അനീഷിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. പരിക്കേറ്റ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രി ബ്ലോക്കിൽ നിന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഇയാൾ അനീഷിനെ ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
പത്തുദിവസം മുന്‍പ് തേവര പൊലീസാണ് മരട് അനീഷിനെ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഇയാളെ കൊച്ചിയിലെ ആശുപത്രി വളഞ്ഞാണ് പോലീസ് പിടികൂടിയത്.