

ബെംഗളൂരു: ബ്ലൂഡാർട്ട് കൊറിയർ സർവീസ്, മുംബൈ പോലീസ് എന്നിവരുടെ പേരിൽ വന്ന സൈബർ തട്ടിപ്പിൽ ബെംഗളൂരുവിൽ താമസിക്കുന്ന യുവതിക്ക് നഷ്ടമായത് രണ്ട് കോടിയിലധികം രൂപ. തട്ടിപ്പുസംഘത്തിന്റെ ഭീഷണിയിൽ ഭയന്ന യുവതി, ഉറ്റ ബന്ധുക്കളോ സുഹൃത്തുക്കളോ അറിയാതെ തന്റെ പേരിലുള്ള രണ്ട് സ്ഥലങ്ങളും ഒരു ഫ്ലാറ്റും വിൽക്കുകയും ബാങ്കിൽ നിന്ന് വായ്പ എടുക്കുകയും ചെയ്തു.(Shocking cyber fraud in Bengaluru, Woman has lost Rs 2 crore)
ജൂൺ മാസം മുതൽ നവംബർ 27 വരെയുള്ള കാലയളവിൽ 22 തവണകളായി ആകെ 2,05,16,652 രൂപയാണ് യുവതി തട്ടിപ്പ് സംഘങ്ങൾക്ക് നൽകിയത്. വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ യുവതിയുടെ പരാതിയിൽ ബെംഗളൂരു വൈറ്റ്‌ഫീൽഡ് പോലീസ് കേസെടുത്തു. രാജ്യത്ത് ഏറെനാളായി റിപ്പോർട്ട് ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന വൻ തട്ടിപ്പാണിത്.
യുവതിക്ക് ആദ്യം ഫോൺ കോൾ വന്നത് 'ബ്ലൂഡാർട്ട് കൊറിയർ സർവീസിൽ' നിന്നെന്ന പേരിലാണ്. യുവതിയുടെ പേരിൽ നിരോധിത ലഹരി മരുന്നുകൾ അയച്ചതായി അവർ ആരോപിച്ചു. ഇതിന് തെളിവായി യുവതിയുടെ ആധാർ നമ്പർ അടക്കം തങ്ങളുടെ പക്കലുണ്ടെന്നും ഭീഷണിപ്പെടുത്തി. പിന്നാലെ മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് സംഘം യുവതിയെ വിളിച്ചു. മയക്കുമരുന്ന് കേസിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും, പത്ത് വയസ്സുകാരനായ മകനെയും കേസിൽ പ്രതിചേർക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി.
മകന്റെ അറസ്റ്റ് ഒഴിവാക്കാനായി സാധ്യമായതെല്ലാം ചെയ്യാൻ യുവതി തയ്യാറായി. ബെംഗളൂരു മഹാനഗരത്തിലെ വിലയേറിയ രണ്ട് പ്ലോട്ടുകളും ലക്ഷങ്ങൾ വിലവരുന്ന ഒരു ഫ്ലാറ്റുമാണ് യുവതി രഹസ്യമായി വിറ്റത്. ഇതിനുപുറമെ ബാങ്കിൽ നിന്ന് വലിയ തുക വായ്പയെടുക്കുകയും ചെയ്തു. വീടിനുള്ളിലിരുന്ന് തന്നെ രഹസ്യമായിട്ടാണ് യുവതി ഈ വില്പനകൾ നടത്തിയത്. ബാങ്കിൽ നിന്നെടുത്ത വായ്പ തവണകളായി യുവതി ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്.
യുവതിയുടെ പരാതിയിൽ വൈറ്റ്‌ഫീൽഡ് സി.ഇ.എൻ പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സമാനമായ ഫോൺ സന്ദേശങ്ങൾ ലഭിച്ചാൽ പകച്ചുപോകാതെ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കണമെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ബെംഗളൂരു പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.