പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു, വഴങ്ങാതിരുന്നതോടെ മർദനം, ആലവയിൽ ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ടതിങ്ങനെ

കൊച്ചി: ആലുവയിൽ ഭിന്ന ലിംഗക്കാരിയെ കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് വഴങ്ങാതെ വന്നപ്പോള്‍. ആലുവ സെന്‍റ് സെവ്യേഴ്സ് കോളേജിന് പിൻവശം റെയിൽവേ പാളത്തിൽ നിന്നും പെരിയാറിലെ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് വൈകിട്ടാണ് ഭിന്ന ലിംഗക്കാരി ഗൗരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കേസിൽ മഹാരാഷ്ട്ര സത്താറയിൽ ടയർ റീസോളിംഗ് ജോലി ചെയ്യുന്ന തൃശൂർ അന്നമനട വെണ്ണൂപ്പാടം കളത്തിൽ കെ.കെ. അഭിലാഷ് കുമാർ (21)ആണ് അറസ്റ്റിലായത്.ഇന്നലെ പുലർച്ചെ അന്നമനട ബന്ധുവീട്ടിൽ നിന്നുമാണ് ഇയാളെ റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പിടികൂടിയത്. പ്രകൃതി വിരുദ്ധ പീഡനത്തിന് അഭിലാഷ് വഴങ്ങാത്തതിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രകൃതിവിരുദ്ധ പീഡനത്തിന് വഴങ്ങാത്തതിനെ തുടർന്നുണ്ടായ അടിപിടിക്കിടെ അഭിലാഷിനെ ഗൗരി കമ്പ് ഉപയോഗിച്ച് അടിച്ചു. ഇതോടെ ഗൗരിയുടെ കഴുത്തിലുണ്ടായിരുന്ന ഷാളിൽ പിടിച്ച് വലിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് വലിച്ചിഴച്ച് താഴെക്ക് നീക്കിയ ശേഷം ആസ്ബറ്റോസ് ഷീറ്റ് മുകളിലേക്ക് വലിച്ചിട്ട് മൃതദേഹം മൂടിയെന്നും അഭിലാഷ് പൊലീസിനോട് പറഞ്ഞു. ഗൗരിക്കൊപ്പം ഉണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് അഭിലാഷിലേക്ക് പൊലീസ് അന്വേഷണമെത്തിയത്. പൂനെയിൽ ടയർ റീസോളിംഗ് സ്ഥാപനത്തിലുമായി ജോലി ചെയ്യുന്ന അഭിലാഷ് 14ന് പുലർച്ചെ പൂനെയിൽ നിന്നും ട്രെയിൻ മാർഗം ആലുവയിലെത്തി. മദ്യപിച്ച് റെയിൽവേ പരിസരത്ത് കിടന്ന് ഉറങ്ങുന്നതിനിടെ പേഴ്സ് നഷ്ടമായി. തുടർന്ന് പ്രതി വീട്ടിലേക്ക് പോകാതെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കറങ്ങി. ഇതിനിടയിലാണ് ഗൗരിയെ കണ്ടുമുട്ടിയത്. ഗൗരി വിളിച്ചതനുസരിച്ചാണ് സംഭവ സ്ഥലത്തേക്ക് പോയതെന്ന് അഭിലാഷ് മൊഴി നൽകി.

Share this story